k

തിരുവനന്തപുരം: സാമുദായിക നേതാക്കന്മാർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായം പറഞ്ഞതിൽ തെറ്റില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് കോൺഗ്രസിന്റെ രീതി. ഒരു മതാദ്ധ്യക്ഷനെയും അപമാനിക്കുന്ന പതിവ് കോൺഗ്രസിനില്ല. വെള്ളാപ്പള്ളി നടേശനുള്ള മറുപടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ മറുപടി പറയാൻ താനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ് മുഖ്യമന്ത്രിയെ കുറിച്ചുള്ള സി.പി.എമ്മിന്റെ അജണ്ടയാണ് മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്. സി.പി.എം കെണിയിൽ കോൺഗ്രസുകാർ വീഴില്ല. കോൺഗ്രസ് മതനിരപേക്ഷ പാർട്ടിയാണ്. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുകയും ചേർത്ത് നിർത്തുകയും ചെയ്തിട്ടുണ്ട്. ഒന്നിനെയും നിഷേധിക്കില്ല. സംഘടനാപരമായ തീരുമാനങ്ങളിൽ അവസാന വാക്ക് പാർട്ടി നേതൃത്വമാണെടുക്കുന്നത്. കോൺഗ്രസ് സംസ്ഥാന പുനഃസംഘടനയുടെ കാര്യത്തിൽ കെ.പിസിസി അദ്ധ്യക്ഷനാണ് മറുപടി പറയേണ്ടത്.രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ നടത്തിയ വർഗീയ പരാമർശം പി.ബിയുടെ നയമാണോയെന്ന് വ്യക്തമാക്കേണ്ടത് കാരാട്ടാണ്.. എല്ലാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് ഭൂരിപക്ഷമുള്ള തിരുനെല്ലി പഞ്ചായത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വൻ ലീഡ് നേടി. അതും വർഗീയ വോട്ടാണോ? സ്വന്തം കാലിന് ചുവട്ടിലെ മണ്ണാണ് ഒലിച്ച് പോകുന്നതെന്ന് സി.പി.എം മനസിലാക്കുന്നില്ല.