ആര്യനാട്: ആര്യനാട് പാലം ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് അപകടക്കെണിയാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും ട്രാഫിക്ക് നിയമങ്ങൾ പാടെ ലംഘിച്ചാണ് ഇരു ചക്ര-ഓട്ടോ വാഹനങ്ങളുടെ പാർക്കിംഗ്. ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുളള ട്രാഫിക്ക് ലൈറ്റുകൾ പ്രവർത്തനക്ഷമമല്ലാതായിട്ട് വർഷങ്ങളായി. അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികാരികൾ മൗനം പാലിക്കുകയാണ്. ഗതാഗതകുരുക്ക് ഒഴിവാക്കാനായി യോഗം ചേർന്ന് ക്രമീകരണങ്ങൾ നടത്തിയെങ്കിലും അതും വിഫലമായി.

പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ മുതൽ കെ.എസ്.ആർ.ടി.സി സ്റ്രാൻഡ് വരെ അലക്ഷ്യമായാണ് പാർക്കിംഗ്. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകണമെങ്കിൽ കഷ്ടപ്പാടാണ്. വലിയ വാഹനങ്ങൾ എതിർ ദിശകളിൽ വന്നാൽ റോഡ് ബ്ലോക്കാകും. പൊലീസ് സംവിധാനവും ആര്യനാട്ടില്ല. അധികൃതർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ട്രാഫിക്ക് നിയന്ത്രണം ഓട്ടോറഷക്കാർ

ആര്യനാട് ഡിപ്പോയ്ക്ക് മുന്നിലെ അനധികൃത പാർക്കിംഗ് കാരണം കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകൾ കഷ്ടപെട്ടാണ് റോഡിലേക്കിറക്കുന്നത്. തൊട്ടടുത്ത ജംഗ്‌ഷനായ കാഞ്ഞിരംമൂട്ടിലും ഇതേ സ്ഥിതിയാണ്. ജംഗ്ഷനിലെ ഓഡിറ്റോറിയത്തിൽ വിവാഹമോ സമ്മേളനങ്ങളോ നടക്കുന്ന ദിവസം മണിക്കൂറുകൾ നീളും ഗതാഗതക്കുരുക്ക്. പലപ്പോഴും ഓട്ടോത്തൊഴിലാളികളാണ് ട്രാഫിക്ക് നിയന്ത്രിക്കുന്നത്. നടപടിയെടുക്കാൻ പൊലീസ് മെനക്കെടാറില്ല എന്നതാണ് വാസ്തവം. അത്യാഹിതം സംഭവിച്ച് ആര്യനാട് ആശുപത്രിയിലേക്കെത്തുന്ന ആംബുലൻസുകൾ തിരക്കിൽപ്പെടുന്നത് പതിവാണ്.പി.ഡബ്ലിയു.ഡി ഓഫീസിന് മുന്നിലെ മദ്യശാലയിലെത്തുന്നവരുടെ വാഹനങ്ങളും ഇവിടെയാണ് പാർക്കിംഗ് ചെയ്യുന്നത്.

പരസ്യബോർഡുകൾ നടപ്പാതയിൽ

ആര്യനാട്ടെ വ്യാപാരസ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ നടപ്പാതയിലാണ് വച്ചിരിക്കുന്നത്. ഇതു പലപ്പോഴും കാൽനടയാത്രാക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പാലത്തിന് സമാന്തരമായുള്ള നടപ്പാത നിർമ്മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പണി ഇതു വരെ ആരംഭിച്ചില്ല. ഇതോടെ കാൽനടയാത്ര ദുരിതത്തിലായി. കൂറ്റൻബോർഡുകൾ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും മാറ്റിയിട്ടില്ല. ബോർഡ് കാരണം മുൻവശം കാണാൻ സാധിക്കാത്തതിനാൽ ഇവിടെ അപകടം പതിവാണ്. വെള്ളനാട് - ചെറ്റച്ചൽ റോഡ് വികസനത്തിന്റെ ഭാഗമായി ആര്യനാട് - ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള റോഡിന്റെ വികസനവും സാധ്യമായില്ല.