
തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കും നേതാക്കൾക്കുമെതിരെ ലോക്കൽ–ഏരിയ സമ്മേളനങ്ങളിലുണ്ടായ വിമർശനങ്ങൾ കൂടുതൽ വീര്യത്തോടെ ജില്ലാസമ്മേളനത്തിലും ആവർത്തിച്ചതിന്റെ ഞെട്ടലിലാണ് സി.പി.എം നേതൃത്വം. 21 ന് ആരംഭിച്ച തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും വേദിയിലിരുത്തിയാണ് ഭയലേശമില്ലാതെ പ്രതിനിധികൾ വിമർശനങ്ങൾ ഒന്നൊന്നായി ഉന്നയിച്ചത്.
തുടർ ഭരണം പാർട്ടിക്ക് ക്ഷീണമായെന്ന പ്രവർത്തന റിപ്പോർട്ടിലെ പരാമർശം അതേ അർത്ഥത്തിൽ പ്രതിനിധികളും ശരി വയ്‌ക്കുകയായിരുന്നു. മുഖ്യമന്ത്രി വേദിയിൽ ഉണ്ടായിരുന്നിട്ടും ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ചുള്ള പരാമർശങ്ങൾ ഭരണത്തിന്റെ പോരായ്മകളിലേക്കുള്ള വിരൽ ചൂണ്ടുന്നതായി. ആദ്യ ജില്ലാ സമ്മേളനം നടന്ന കൊല്ലത്തും ഇപ്പോൾ നടക്കുന്ന വയനാട്, പാലക്കാട് സമ്മേളനങ്ങളിലും ഭരണത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നു. സംസ്ഥാനത്ത് ഒന്നിനും പണമില്ലെന്ന പരിഭവം പറച്ചിൽ കൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ലെന്നും ക്ഷേമ പദ്ധതികൾ മുടങ്ങുന്നത് ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുക മാത്രമേ ചെയ്യുകയുള്ളൂവെന്നും താഴെത്തട്ടിൽ നിന്നുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധികൾ വിമർശിക്കുന്നത്. ഓരോ മന്ത്രിയെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം.
പാർട്ടിയിൽ മാത്രമല്ല, ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ എന്നിവയിലും ജീർണ്ണത പ്രകടമാണെന്ന പ്രതിനിധികളുടെ ആരോപണം ശരിയാണെന്ന് നേതാക്കളും രഹസ്യമായി സമ്മതിക്കുന്നു. സമര സംഘടനയായിരുന്ന ഡി.വൈ.എഫ്.ഐയിൽ പുതുതായി അംഗത്വമെടുക്കാൻ യുവാക്കൾ മുന്നോട്ടു വരാത്തത് നേതാക്കളുടെ കഴിവ് കേടിന്റെയും ആലസ്യത്തിന്റെയും ഫലമാണെന്നായിരുന്നു വിമർശനം. ഭരണത്തിന്റെ തണലിലേക്ക് യുവനേതാക്കൾ ചുരുങ്ങുന്നുവെന്ന വിമർശനവും ഉയർന്നു. തുടർ ഭരണത്തിലുള്ള പാർട്ടിയുടെയും ഭരണത്തിന്റെയും വീഴ്ചകളുടെ നേർചിത്രമാണ് സമ്മേളനത്തിൽ ഉയർന്നുവരുന്നത്. പാർട്ടി ഭരണഘടന അനുസരിച്ച് വിമർശനവും സ്വയം വിമർശനവും തെറ്റു തിരുത്തലിനുള്ള അവസരമായി കാണുന്ന സി.പി.എം നേതൃത്വം,വരാനിരിക്കുന്ന സമ്മേളനങ്ങളിലും വിമർശനങ്ങൾ ശക്തമായി ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.