വിഴിഞ്ഞം: സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് വിഴിഞ്ഞത്ത് പൊതുയോഗവും റെഡ് വോളന്റിയർ മാർച്ചും. 6000 റെഡ് വോളന്റിയർമാർ അണിനിരക്കുന്ന റാലി ഉച്ചയ്ക്ക് 2.30 ന് വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിൽ നിന്നും മുക്കോലയിൽ നിന്നും പുറപ്പെടും. രണ്ട് റാലികളും സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) എത്തുന്നതോടെ

4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

യോഗത്തിനായി വിഴിഞ്ഞത്ത് 80 അടി നീളത്തിലും 55 വീതിയിലും 2 തട്ടായി നിർമ്മിച്ച കൂറ്റൻ വേദി ഒരുങ്ങി. വിഴിഞ്ഞം ജംഗ്ഷൻ മുതൽ സമ്മേളന നഗരിവരെ കമാനങ്ങളും കൊടികളും നിറഞ്ഞ് ചെങ്കടലായി. റെഡ് വോളന്റിയർ മാർച്ച് ആരംഭിച്ച ശേഷം 3.30 ഓടെ തിയേറ്റർ ജംഗ്ഷനിൽ നിന്നു ബഹുജന മാർച്ച് ആരംഭിക്കും. ഏരിയ കമ്മിറ്റികളിൽ നിന്നു കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാകും മാർച്ച്. കോവളം, പാറശാല,നേമം, നെയ്യാറ്റിൻകര, വഞ്ചിയൂർ,ചാല ഏര്യ കമ്മിറ്റികൾ ചേർന്നാണ് ബഹുജന മാർച്ച്. പൊതുയോഗ ശേഷം മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ ഗാനനൃത്ത വിസ്മയരാവ് 'മ" ഷോ നടക്കും.

ഗതാഗത നിയന്ത്രണം

റെഡ് വോളന്റിയർമാർച്ചും ബഹുജന റാലിയും നടക്കുന്ന വിഴിഞ്ഞം പൂവാർ റോഡ് 2 മണിക്കൂർ അടച്ചിടും. നഗരത്തിൽ നിന്നു വരുന്ന വലിയ വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്നു ബൈപ്പാസ് റോഡ് വഴി ആയിരിക്കും കടത്തിവിടുക. വിഴിഞ്ഞത്തു നിന്നു മുക്കോല ഭാഗത്തേക്കുള്ളവ വിഴിഞ്ഞം -കല്ലുവെട്ടാൻകുഴി ബൈപ്പാസിന്റെ സർവീസ് റോഡ് വഴിയും, ബാലരാമപുരം ഭാഗത്ത് നിന്ന് വരുന്നവ സിസിലിപുരം - ചാവടിനട- വെങ്ങാനൂർ വഴിയും തിരിച്ചുവിടും.

പ്രകടനം നടക്കുന്ന റോഡിലൂടെ ഇരു ചക്രവാഹനങ്ങളും ആംബുലൻസുകളും കടത്തിവിടുന്നതിന് റെഡ് വോളന്റിയർമാർ സൗകര്യമൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു. വിഴിഞ്ഞം ജംഗ്ഷൻ മുതൽ മുക്കോലവരെ റോഡിന്റെ ഇരുവശത്തും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്കിംഗ് അനുവദിക്കില്ലന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

പാർക്കിംഗ് ഇവിടെ

നഗരത്തിൽ നിന്നു വിഴിഞ്ഞത്തേക്ക് പ്രവർത്ത കരുമായി എത്തുന്ന വാഹനങ്ങൾ ആഴാകുളം വഴി ഹാർബർ റോഡിൽ എത്തി പാർക്ക് ചെയ്യണം. നെയ്യാറ്റിൻകര പാറശ്ശാല ഭാഗങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കാതെ ബൈപ്പാസ് റോഡിന് സമീപത്തും പാർക്ക് ചെയ്യണം. സമ്മേളന നഗരിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.