ഉദിയൻകുളങ്ങര: ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി രൂപീകരിച്ച കേരള എക്സൈസ് മൊബൈൽ യൂണിറ്റ് പ്രഹസനമാകുന്നു.

ഇതിന് ഉദാഹരണമാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന ഒരു കെ.ഇ.എം.യു വാഹനം. ഏതു സമയവും എവിടെയും എത്തും എന്ന് കാട്ടാൻ വാഹനം പെട്രോളും നിറച്ച് ഇറങ്ങുന്നതല്ലാതെ പരിശോധനകൾ നാമമാത്രമാണ്. ലഹരി കടത്ത് വ്യാപകമായ ഇഞ്ചിവിള,കാരോട് ബൈപ്പാസ് തുടങ്ങിയ മേഖലകളിൽ മൊബൈൽ സർവീസിലൂടെ നിരവധി കഞ്ചാവ്,എം.ഡി.എം അബ്കാരി കേസുകൾ പിടിക്കാനായി കേരള സർക്കാർ രൂപീകരിച്ചതാണ് ഈ യൂണിറ്റ്. ഇതിൽ വനിതകളെ നിയമിച്ചതായുള്ളറിപ്പോർട്ടും കാണുന്നില്ല. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ലഹരി മരുന്നുകടത്തുന്ന സംഘത്തിന് ഒത്താശ നൽകാനായി അധികൃതർ തന്നെ വെറുതെ രൂപീകരിച്ചതാണീ യൂണിറ്റെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം പറയുന്നത്. ക്രിസ്മസ്, ന്യൂ ഇയർ പരിശോധനകൾ എക്സൈസിൽ വ്യാപകമായി എങ്കിലും ഈ വകുപ്പിൽ മാത്രം യാതൊരുവിധ നിയന്ത്രണമോ, മാർഗ്ഗരേഖയോ നാളിതുവരെ വന്നിട്ടുമില്ല. പ്രിവന്റീവ് ഓഫിസർ, ചില എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ മാത്രമാണ് നേർച്ചയ്ക്ക് വേണ്ടി വാഹനത്തിൽ ഉണ്ടാവുക. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ സർക്കാരിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

വനിതകളെ നിയമിക്കുന്നില്ല

ലഹരിക്കടത്ത് വ്യാപകമായ, വിദേശികളടക്കം എത്തുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുളള പ്രദേശങ്ങളിൽ എക്സൈസ് വനിതകളെ നിയോഗിക്കാതെ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുകയാണ്. പൂവാർ ആറ്റുപുറം എക്സൈസ് ചെക്ക് പോസ്റ്റുകളിൽ വനിതകളെ നിയമിക്കാത്തതും പരിശോധനയിൽ നിന്നും വിദേശികളടക്കം രക്ഷപ്പെടുന്നതും പ്രാദേശിക രാഷ്ട്രീയ ബന്ധങ്ങളിലൂടെയാണെന്നും ആക്ഷേപമുണ്ട്.

ജനത്തിന്റെ കണ്ണിൽ മണ്ണിടുന്നു

യുവാക്കളിൽ ലഹരി ഉപയോഗം കൂടിയിട്ടും അനധികൃത നിയമനങ്ങൾ കാരണം അതിർത്തി പ്രദേശങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്നും ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ആരോപണമുണ്ട്. ഒരു ഇൻസ്പെക്ടറും കീഴ് ഉദ്യോഗസ്ഥരും ചേർന്നാണ് ഒരു കേസ് രജിസ്റ്റർ ചെയ്യാൻ കേസ് പിടിക്കുക പതിവ്. എന്നാൽ എം.ഡി.എം.എ പോലുള്ള വലിയ കേസുകൾ പിടിക്കാനോ ആ കേസ് രജിസ്റ്റർ ചെയ്യാനോ കീഴ് ഉദ്യോഗസ്ഥർക്ക് കഴിയാത്തതിനാൽ വൻകിട ലഹരിക്കടത്ത് സംഘം രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.