wayanad-landslides

കരട് രൂപരേഖയായി,​ ചെലവ് 800 കോടി
അന്തിമ തീരുമാനം അടുത്ത
മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് ടൗൺഷിപ്പുകളിലായി 5, 10 സെന്റുകളിൽ വീട് നിർമ്മിച്ചു നൽകാൻ ധാരണ. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകളാണ് നിർമ്മിക്കുക. മുകളിലെ നില ഭാവിയിൽ നിർമ്മിക്കാൻ കഴിയുന്ന വിധത്തിലാണ് അടിത്തറ ഒരുക്കുക. 750 മുതൽ 800 കോടി രൂപവരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാനും ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനം.

ചീഫ് സെക്രട്ടറി ശാരദാമുരളീധരനാണ് പദ്ധതിയുടെ കരട് രൂപം അവതരിപ്പിച്ചത്. മന്ത്രിമാർ വിശദമായി പഠിച്ചശേഷം അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ബുധനാഴ്ച ക്രിസ്മസ് അവധിയായതിനാലാണ് മന്ത്രിസഭായോഗം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

വീട് നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവരുമായി മുഖ്യമന്ത്രി ജനുവരി ആദ്യവാരം ചർച്ച നടത്തും. കൽപ്പറ്റയിലും നെടുമ്പാലയിലുമുള്ള എസ്റ്റേറ്റ് ഭൂമികളിലാണ് ടൗൺഷിപ്പുകൾ നിർമ്മിക്കുക.

ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളുടെ വിധി വന്നുകഴിഞ്ഞാൽ നടപടികളിലേക്ക് കടക്കും. മുന്നോടിയായുള്ള എല്ലാ ഒരുക്കവും പൂർത്തിയായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ദുരന്ത പുനരധിവാസവും ഇനി നടക്കാനുള്ളതും വിലയിരുത്തിയാണ് വീടുകളുടെ ഡിസൈൻ തയ്യാറാക്കിയത്. സ്ഥല ലഭ്യത, പൊതുസൗകര്യങ്ങൾ, സ്കൂൾ, കോളേജ്, അങ്കണവാടി, ആശുപത്രി, ലൈബ്രറികൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ ഡിസൈൻ ഉൾപ്പെടെയുള്ള പൊതുരൂപമാണ് അവതരിപ്പിച്ചത്.

വാഗ്ദാനം: പ്രാപ്തി നോക്കും

1.വീട് നിർമ്മിക്കാൻ സന്നദ്ധരായവർക്ക് രണ്ടു മാർഗ്ഗങ്ങളുണ്ട്. മികവും ഉറപ്പുമുള്ള വീടുകൾ കാലതാമസമില്ലാതെ നിർമ്മിച്ച് നൽകാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുള്ളവർക്ക് സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് കൈമാറും. സർക്കാരിന്റെ രൂപകല്പനയ്ക്ക് അനുസൃതമായി ഇവർ വീട് നിർമ്മിക്കണം.

2.ഉറപ്പുള്ള വീടുകൾ കാലതാമസം കൂടാതെ നിർമ്മിച്ചു നൽകാൻ കഴിയാത്തവരെന്ന് സർക്കാരിന് ബോദ്ധ്യമായാൽ സ്ഥലം കൈമാറില്ല, ആവശ്യമായ തുക ഇവർ സർക്കാരിലേക്ക് നൽകണം. നിർമ്മാണം സർക്കാർ സംവിധാനത്തിലാവും.

കരട് പട്ടികയിലെ പിഴവ്

പുനരധിവാസത്തിന് അർഹരായവരുടെ കരട് പട്ടികയിൽ ഗുരുതരമായ പിശക് വരുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അത് തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗത്തിൽ നിർദ്ദേശമുയർന്നു. ഗൗരവമേറിയ വിഷയത്തിൽ പിശക് സംഭവിച്ചത് സർക്കാരിന് തിരിച്ചടിയാവുമെന്നും വിലയിരുത്തലുണ്ടായി.