തിരുവനന്തപുരം: ക്രിസ്മസിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ നഗരം ക്രിസ്മസ് തിരക്കിലമർന്നു. സ്‌കൂളുകൾ അടച്ചതോടെ കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും കൂടുതലാണ്. പള്ളികളിലും പരിസരങ്ങളിലും വർണാഭമായി നക്ഷത്രങ്ങളും വർണ വിളക്കുകൾ കാണാം. വസ്ത്രശാലകൾ, ബേക്കറികൾ, വഴിയോര കച്ചടവസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നല്ല തിരക്കാണ്. ക്രിസ്മസിന് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നതിനാൽ ലുലു മാൾ, മാൾ ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള മാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പൊടിപൊടിച്ച് വില്പന
വഴുതക്കാട് കാർമൽ പള്ളിക്ക് സമീപമുള്ള കാർമൽ ബുക്സ്റ്റാളിലും പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന് മുന്നിലും ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക വില്പന മേള സംഘടിപ്പിച്ചിട്ടുണ്ട്. ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കളും പുൽക്കൂടുമെല്ലാം ഇവിടെ ലഭിക്കും. പ്ലാസ്റ്റിക്ക് ക്രിസ്മസ് ട്രീകളും തൂവെള്ള ട്രീകളും വിപണിയിൽ ലഭ്യമാണ്.
ബേക്കറികളിലും തിരക്ക് കുറവല്ല. പ്ലം കേക്കുകളാണ് ക്രിസ്മസ് സ്‌പെഷ്യലെങ്കിലും കാരമൽ, ചോക്ലേറ്റ്, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് കേക്കുകൾക്കും ആവശ്യക്കാരേറെയാണ്. ക്രിസ്മസിനായി ക്യാരറ്റ്‌ഡേറ്റ്സ്, ഡേറ്റ്സ് ആൻഡ് നട്ട്സ് കേക്കുകൾ വാങ്ങുന്നവരും നിരവധി.
പടക്ക വിപണയും
നഗരത്തിൽ പടക്ക വിപണിയിലും നല്ല തിരക്കുണ്ട്. പൂത്തിരി, കമ്പിത്തിരി, കുറ്റിപടക്ക്, വർണങ്ങൾ വരെയുള്ളവ വിപണിയിൽ സുലഭം. പല നിറത്തിലുള്ള വർണ പടക്കത്തിനും ആവശ്യക്കാരേറെയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക്
ക്രിസ്മസും പുതുവർഷവും അടുത്തതോടെ കനകക്കുന്ന്, മാനവീയം വീഥി, ശംഖുംമുഖം, കോവളം, പൂവാർ, വിഴിഞ്ഞം, ഉൾപ്പെടെയുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും തിരക്ക് വർദ്ധിച്ചതോടെ ഗതാഗതകുരുക്കുമുണ്ട്. വരും ദിവസങ്ങളിൽ പൊലീസ് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും നടത്തും.