തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനം ഇന്ന് പൂർത്തിയാകാനിരിക്കെ ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും മാറ്റത്തിന് സാദ്ധ്യത. പ്രായപരിധി നിബന്ധനയ്‌ക്ക് പുറമെ പ്രവർത്തനത്തിലെ വിലയിരുത്തൽ ഒഴിവാക്കലിനും ഉൾപ്പെടുത്തലിനും ചൂണ്ടുപലകയാകും. ജില്ലയിലെ രണ്ടു മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകിയാകും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. പുതിയ കമ്മിറ്റിയെ ഇന്നറിയാം. ജില്ലാ സെക്രട്ടറിയായി വി.ജോയി വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത.
നിലവിലെ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ.റഹിം എം.പി എന്നിവരുടെ ഒഴിവുകളുണ്ട് .ഇതുകൂടാതെ നാല് ജില്ലാ കമ്മിറ്റി അംഗങ്ങളെങ്കിലും ഒഴിവാകും. നിലവിലെ സെക്രട്ടേറിയറ്റിൽ നിന്ന് രണ്ടുപേരെങ്കിലും പുറത്താകാൻ സാദ്ധ്യതയുണ്ട്. പുത്തൻകട വിജയനും കെ.സി.വിക്രമനും ഒഴിവാകാൻ സാദ്ധ്യത .മുൻ ഏരിയ സെക്രട്ടറിമാരായ ജി.സ്റ്റീഫൻ എം.എൽ.എ, പ്രസന്നകുമാർ, എൻ.ഷൗക്കത്തലി, പാറക്കുഴി സുരേന്ദ്രൻ, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, ഡി.വൈ.എഫ് .ഐ ജില്ലാ പ്രസിഡന്റ് അനൂപ് , മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ ഷൈജു ദേവ്, വി.കെ.പ്രശാന്ത്.എം.എൽ.എ , ഹെഡ് ലോഡ് ജില്ലാ സെക്രട്ടറി സുന്ദരം പിള്ള എന്നിവരെ പരിഗണിക്കുന്നുണ്ട്. ഉണ്ടാകുന്ന ഒഴിവിന് ആനുപാതികമായാകും ഇവർക്ക് അവസരം ലഭിക്കുക. സെക്രട്ടറിയേറ്റിലേക്ക് വി.കെ.മധുവിന്റെ പേരും പറഞ്ഞുകേൾക്കുന്നു.