milma

തിരുവനന്തപുരം: മിൽമ ഡേ ടു ഡേ ഡയറി വൈറ്റ്നർ (മിൽമ പാൽപ്പൊടി) ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിൽക്കുന്നതിനുള്ള വാങ്ങൽ കരാർ കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ നാളെ ലുലു ഗ്രൂപ്പ് ഇന്റർനാഷണിൽ നിന്ന് സ്വീകരിക്കും.

പെരിന്തൽമണ്ണ മൂർക്കനാട്ടെ മിൽമ ഡയറി ക്യാമ്പസിൽ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് കരാർ കൈമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒയും ഡയറക്ടറുമായ എം.എ നിഷാദിൽ നിന്ന് മിൽമ ചെയർമാൻ കെ.എസ് മണി പർച്ചേസ് ഓർഡർ സ്വീകരിക്കും. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്‌പോർട്സാണ് പർച്ചേസ് ഓർഡർ നൽകുന്നത്.

മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും മന്ത്രി കെ.എൻ. ബാലഗോപാൽ മിൽമ ഡയറി വൈറ്റ്നറിന്റെ വിപണനോദ്ഘാടനം നിർവ്വഹിക്കും. മിൽമ മാനേജിംഗ് ഡയറക്‌ടർ ആസിഫ് കെ. യൂസഫ് ചടങ്ങിൽ സംബന്ധിക്കും.

ഗൾഫ് രാജ്യങ്ങളിൽ പാൽപ്പൊടി മികച്ച വിൽപ്പന നേടുന്നതിനാൽ മിൽമ ഡേ ടു ഡേ ഡയറി വൈറ്റ്നറിനും ഉപഭോക്താക്കളുടെ സ്വീകാര്യതയുണ്ടാകുമെന്ന് ആസിഫ് കെ. യൂസഫ് പറഞ്ഞു.

മിൽമ ഉത്പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ വഴി വിൽക്കാൻ മിൽമയും ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നു. നിലവിൽ മിൽമ നെയ്യ്, പ്രീമിയം ഡാർക്ക് ചോക്ലേറ്റ്, ഗോൾഡൻ മിൽക്ക് മിക്സ് പൗഡർ (ഹെൽത്ത് ഡ്രിങ്ക്), ഇൻസ്റ്റന്റ് പനീർ ബട്ടർ മസാല, പാലട പായസം മിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിൽക്കുന്നുണ്ട്.