
പാലോട്: പരിശോധനകളിൽ ഇളവ് വന്നതോടെ വീണ്ടും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. നന്ദിയോട് നവോദയ സ്കൂളിന് സമീപം അറവ് മാലിന്യം തള്ളിയതോടെ ദുർഗന്ധം കാരണം വഴി നടക്കാൻ കഴിയാത്ത സാഹചര്യമാണ്. പാണ്ഡ്യൻപാറ മുതൽ സുമതിവളവുവരെ അർദ്ധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഇറച്ചി വേസ്റ്റുകൾ റോഡിലേക്കാണിടുന്നത്.
പാലോട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ പ്രദേശത്തുൾപ്പെടെ മാലിന്യം കുന്നുകൂടുകയാണ്. പാണ്ഡ്യൻപാറ മുതലുള്ള ജനവാസ മേഖലയിൽ താമസിക്കാനാകാത്ത അവസ്ഥയാണ്. മാലിന്യം തള്ളാനെത്തിയവരെ പിടിച്ചെടുത്ത് പിഴ ചുമത്തി വിടുകയാണ് പതിവ്. നന്ദിയോട് പഞ്ചായത്തിലെ വലിയ താന്നിമൂടിന് സമീപം മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും മാലിന്യം കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും മാലിന്യം തള്ളുന്നത്.
പകർച്ചവ്യാധികൾക്ക് സാദ്ധ്യത
മഴ തുടങ്ങിയതോടെ മാർക്കറ്റുകളിലേയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നത് പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കുന്നു. നന്ദിയോട്ട് കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും സ്ഥിതി ചെയ്യുന്ന ഇവിടെ ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. കള്ളിപ്പാറ, തോട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന കൈത്തോടുകളിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ തുറന്നു വിടുന്നുണ്ട്. മഴക്കാല പൂർവ ശുചീകരണം നടപ്പാക്കിയില്ലെന്നും ആക്ഷേപമുണ്ട്. പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികാരികളുടെ പരിശോധനകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവ് കൈയടക്കി നായ്ക്കൂട്ടം
നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളായ പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്രപരിസരം,ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
കാട്ടുമൃഗങ്ങളുടെ ആക്രമണവും
മാലിന്യം ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. മാലിന്യം മറവ് ചെയ്യാൻ മിക്ക കച്ചവടക്കാർക്കും സംവിധാനമില്ല. മാലിന്യം രാത്രിയിൽ ജനവാസ മേഖലയിലും റോഡുകളിലും വനമേഖലയിലും തള്ളുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും.