 
തിരുവനന്തപുരം: 'പണ്ട് ദൂരദർശനിൽ പ്രവർത്തിക്കുമ്പോൾ പേരൂർക്കട ഇന്ദിരാനഗറിലൂടെ പോകുന്നത് പതിവായിരുന്നു. ഒരുപക്ഷെ, ഇന്ദുവിനെയും അച്ഛനെയുമൊക്കെ അന്ന് കണ്ടു കാണണം. 'സംവിധായകൻ ശ്യാമപ്രസാദിന്റെ വാക്കുകൾ കേട്ട് ഇന്ദു റബേക്ക വർഗീസിന്റെ അച്ഛൻ ഡോ.ജോർജ് വർഗീസ് തലകുലുക്കി.
സൈനിക ഓഫീസർ മുകുന്ദ് വരദരാജന്റെ ജീവിതം പ്രമേയമാക്കിയ തമിഴ്‌ചിത്രം 'അമരനിൽ' മുകുന്ദിന്റെ ഭാര്യ ഇന്ദുവിന്റെ അച്ഛനായി അഭിനയിച്ചത് ശ്യാമപ്രസാദാണ്. 
മുകുന്ദ് 2014ൽ മുപ്പത്തിയൊന്നാമത്തെ വയസിൽ ജമ്മുകാശ്മീരിൽ വീരമൃത്യുവരിക്കുകയും രാജ്യം അശോകചക്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു.
ഇന്ദുവിന്റെ സ്വന്തം അച്ഛനായ ജോർജ് വർഗീസിന് അദ്ദേഹത്തെ അഭ്രപാളിയിൽ അവതരിപ്പിച്ച ശ്യാമപ്രസാദിനെ കാണാൻ മോഹമുണ്ടെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
ഇന്നലെ വൈകിട്ട് കുറവൻകോണത്തുള്ള ശ്യാമപ്രസാദിന്റെ ഫ്ലാറ്റിൽ ജോർജ് വർഗീസും ഭാര്യ അക്കാമയും സുഹൃത്ത് അന്നമ്മ അലക്സാണ്ടറും എത്തി. സിനിമാ ചിത്രീകരണത്തിന് മുൻപ് ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിൽ കാണുന്നത് ആദ്യമായാണ്. 'സിനിമ കണ്ടതുമുതൽ ശ്യാമപ്രസാദിനെ കാണാൻ മോഹമുണ്ടായിരുന്നു. അത്രയും മനോഹരമായി അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചു. പണ്ടത്തെ ജോർജിനെ സ്ക്രീനിൽ കണ്ടുവെന്ന് പരിചയക്കാരും പറഞ്ഞു..' ജോർജ് വർഗീസ് മനസ് തുറന്നു.സായ്‌പല്ലവിയാണ് സിനിമയിൽ ഇന്ദുവായി വന്നത്. ശിവകാർത്തികേയൻ മുകുന്ദുമായി.
പേരൂർക്കട ഇന്ദിരാനഗറിലുള്ള ഇന്ദുവിന്റെ കുടുംബത്തെക്കുറിച്ച് ആദ്യമായി വാർത്ത നൽകിയതും കേരളകൗമുദിയായിരുന്നു.
പേരൂർക്കടയിലെ സ്വകാര്യആശുപത്രിയുടെ ഉടമയാണ് ഡോ.ജോർജ് വർഗീസ്. സിഡ്നിയിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ഇന്ദു. മകൾ ഏഴാംക്ലാസുകാരി ആർഷിയ.
`മുകുന്ദിനെകുറിച്ച് ലോകം അറിയണമെന്ന് മാത്രമായിരുന്നു മകൾ ആഗ്രഹിച്ചത്. എന്നാൽ അതിൽ പ്രണയത്തിന്റെയും അച്ഛന്റെ വാത്സല്യത്തിന്റെയും ഭാവം കൊണ്ടുവന്നപ്പോൾ ചിത്രം ഹൃദ്യമായി.'
-ഡോ.ജോർജ് വർഗീസ്