തിരുവനന്തപുരം:കലാകാരനും തിരുമല സ്വദേശിയുമായ മഹേഷ് മണിയും മകൻ ഗണേഷ് കാർത്തിക്കും ചേർന്ന് വർഷങ്ങൾക്ക് മുൻപ് ഉസ്താദ് സാക്കിർ ഹുസൈന്റെ ജന്മദിനത്തിൽ ചില പാട്ടുകൾക്ക് തബല വായിച്ച് റെക്കാഡ് ചെയ്തു. ഉസ്താദിന്റെ സഹോദരൻ ഫസൽ ഖുറേഷിയാണ് തബലയിൽ മഹേഷിന്റെ ഗുരു. അദ്ദേഹം വഴി വീഡിയോ സാക്കിർ സുഹൈൻ കാണുകയും മഹേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. ഒരാഴ്ചമുൻപ് അന്തരിച്ച ഉസ്താദിന്റെ ഓർമ്മകൾക്ക് പ്രണാമമർപ്പിച്ച് മഹേഷ് ഉൾപ്പെടെയുള്ള കലാകാരന്മാർ ഇന്നലെ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ഗസൽ സന്ധ്യയൊരുക്കി. പണ്ട് താൻ പാടിയ പാട്ട് കേട്ട് ഉസ്താദ് അഭിനന്ദിച്ചത് ഗായകൻ ദേവാനന്ദും ഓർത്തെടുത്തു. ഗസൽ ഗായകൻ പത്മകുമാർ,വോക്കലിസ്റ്റ് ആദിത്യ അടക്കമുള്ളവർ പങ്കെടുത്ത ഗസൽസന്ധ്യ ഹൃദ്യാനുഭവമായി.വൈലോപ്പിള്ളി ശ്രീധരമേനോന്റെ 39ാം ചരമവാർഷികദിനാചരണവും സാക്കിർ ഹുസൈൻ അനുസ്മരണവും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.കവി എൻ.എസ്.സുമേഷ്‌കൃഷ്ണൻ,വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മെമ്പർ സെക്രട്ടറി പി.എസ്.മനേക്ഷ്,ഭരണസമിതിഅംഗം രാജേഷ് ചിറപ്പാട് എന്നിവർ പങ്കെടുത്തു. മൾട്ടി പർപ്പസ് കൾച്വറൽ സെന്റർ,റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സൗത്തുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം എയർപോർട്ട് ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭത്‌കോടി,എയർപോർട്ട് ചീഫ് സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ രഞ്ജിത് വർമ്മ,റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സൗത്ത് പ്രസിഡന്റ് ആർക്കിടെക്ട് ജയകൃഷ്ണൻ,അലിബി സി.എം.ഡി ശ്യാം.കെ.എം എന്നിവർ വിശിഷ്ടാതിഥികളായെത്തി.