തിരുവനന്തപുരം: നഗരസഭയുടെ പ്രവർത്തനങ്ങളെയും മേയറെയും സംബന്ധിച്ച് പ്രവർത്തന റിപ്പോർട്ടിലും തുടർന്ന് പൊതുചർച്ചയിലും കഴിഞ്ഞ ദിവസം അനുകൂല പരാമർശം ഉണ്ടായെങ്കിൽ ഇന്നലെ നടന്ന ചർച്ചയിൽ മേയർക്കെതിരെ വിമർശനം. അവാർഡുകൾ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിറുത്തണമെങ്കിൽ ജനങ്ങളുടെ പിന്തുണ വേണമെന്നും പാളയം ഏരിയ കമ്മറ്രിയിലെ പ്രതിനിധികൾ പറഞ്ഞു.
എന്നാൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും പ്രതിനിധികൾ സംസാരിച്ചു. മേയർക്കെതിരെ പ്രചാരവേലകൾ നടക്കുകയാണ്. അതിനാൽ നഗരസഭ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ചാല ഏരിയകമ്മിറ്രിയിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പാളയം ഏരിയ സെക്രട്ടറിയെ വിമർശിച്ച് ജില്ലാ സെക്രട്ടറി

പെരുമാറ്റത്തിൽ മാന്യത സൂക്ഷിക്കണമെന്ന് പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി.ബാബുവിനെ വിമർശിച്ച് ജില്ലാ സെക്രട്ടറി. സഖാക്കളോടും വനിതാപ്രവർത്തകരോടും മോശമായി സംസാരിക്കരുതെന്ന് ജില്ലാ സെക്രട്ടറി വി.ജോയി നിർദ്ദേശിച്ചു. വനിതാ സഖാക്കളെ എടീ, പോടീ എന്നിങ്ങനെ വിളിക്കുന്നത് ശരിയല്ലെന്ന് ജോയി ശാസിച്ചു.