
ഇന്ത്യയുടെ വൈവിദ്ധ്യം ലോകത്ത് മറ്റേതൊരു രാജ്യത്തിനും ഇല്ലാത്തതാണ്. ഭൂമിശാസ്‌ത്രപരമായും ഭാഷാപരമായും സാംസ്‌കാരികമായും മറ്റും വിഭിന്നമായ സംസ്‌കൃതികളുടെ വിളനിലമാണ് ഭാരതം. വിവിധ മത സമൂഹങ്ങൾ താരതമ്യേന മറ്റു ചില രാജ്യങ്ങളെ അപേക്ഷിച്ച് വളരെ സൗഹാർദ്ദത്തോടെയും ഒത്തൊരുമയോടെയും കൂടിയാണ് നൂറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞുവരുന്നത്. ഏതൊരു മതവിശ്വാസിക്കും അവനവന്റെ മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിശ്വാസപ്രമാണങ്ങളും ആചാരരീതികളും അനുഷ്ഠാനങ്ങളും ഒറ്റയ്ക്കും കൂട്ടമായും പിന്തുടരാനുള്ള മൗലിക സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. മതം മതമായിത്തന്നെ നിന്നാൽ അത് സംഘർഷം സൃഷ്ടിക്കാറില്ല. പക്ഷേ എപ്പോഴൊക്കെ മതത്തിൽ രാഷ്ട്രീയം കലരുമോ അപ്പോഴൊക്കെ പൊട്ടിത്തെറികളും സംഘർഷങ്ങളും ലഹളകളും ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ട്.
ബാബ്‌റി മസ്‌ജിദുമായി ബന്ധപ്പെട്ട് വർഷങ്ങളോളം നീണ്ടുനിന്ന സംഘർഷത്തിന്റെ പേരിൽ ഹിന്ദു - മുസ്ളിം വിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് വിവിധ ഘട്ടങ്ങളിലായുണ്ടായ കലാപങ്ങളിലും മറ്റുമായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മിതിയോടെ ആ പ്രശ്നത്തിന്റെ അദ്ധ്യായം അടഞ്ഞിരിക്കുകയാണ്. പക്ഷേ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാമക്ഷേത്രത്തിനു സമാനമായ അവകാശവാദങ്ങളുയർത്തി സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ഒരു ശ്രമം നടന്നുവരുന്നത് കാണാതിരിക്കാനാവില്ല. ഇതു ശരിയല്ലെന്ന് ആർ.എസ്.എസ് മേധാവിയായ മോഹൻ ഭാഗവത് തന്നെ ചൂണ്ടിക്കാണിച്ചത് ഇത്തരം പ്രക്ഷോഭങ്ങൾക്ക് കോപ്പുകൂട്ടുന്നവരുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമായെങ്കിൽ നന്നായിരുന്നു. ഹിന്ദു നേതാക്കൾ വിവിധ സ്ഥലങ്ങളിൽ രാമക്ഷേത്രം പോലുള്ള തർക്കങ്ങൾ ഉന്നയിക്കുന്നത് അസ്വീകാര്യമായ പ്രവണതയാണെന്ന് മോഹൻ ഭാഗവത് വെളിപ്പെടുത്തിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
''നമ്മൾ വളരെക്കാലമായി സൗഹാർദ്ദമായി ജീവിക്കുന്നു. ഇന്ത്യക്കാർ തർക്ക വിഷയങ്ങൾ ഒഴിവാക്കി, മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തെ ലോകത്തിനു മാതൃകയാക്കാൻ ശ്രമിക്കണം. രാമക്ഷേത്രം നിർമ്മിച്ചതിനു ശേഷം സമാനമായ പ്രശ്നങ്ങൾ ഉന്നയിച്ച് ഹിന്ദുക്കളുടെ നേതാക്കളാകാമെന്ന് ചിലർ കരുതുന്നു. ഇത് സ്വീകാര്യമല്ല."" ഇന്ത്യയുടെ മതസൗഹാർദ്ദവും സമാധാനവും നിലനിൽക്കണമെന്ന താത്‌പര്യത്തോടെയാണ് മോഹൻ ഭാഗവതിന്റെ ഈ ആഹ്വാനമെന്ന് തികച്ചും വ്യക്തമാണ്. വിശ്വഗുരു ഭാരത് എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനെയിൽ നടന്ന ഒരു യോഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
തീവ്രവാദം, മറ്റു മതസ്ഥരുടെ ദൈവങ്ങളെ അപമാനിക്കൽ എന്നിവ നമ്മുടെ സംസ്‌കാരമല്ലെന്നും, ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ലെന്നും, നമ്മൾ എല്ലാവരും ഒന്നാണെന്ന ബോദ്ധ്യത്തോടെ അതുപ്രകാരം ആരാധന നടത്താൻ ഈ രാജ്യത്ത് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രസക്തിയാണ് മോഹൻ ഭാഗവതിന്റെ ഈ പ്രസ്‌താവന ചൂണ്ടിക്കാണിക്കുന്നത്. രാമക്ഷേത്രത്തിനു സമാനമായ തർക്കങ്ങൾ എന്തിന്റെ പേരിലായാലും രാജ്യത്ത് ഉയർന്നുവന്നാൽ അത് നമ്മുടെ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും മഹിമയ്ക്കും ദോഷമായി മാറും. മാത്രമല്ല, ഇത്തരം സംഘർഷങ്ങൾ പെരുപ്പിക്കാനും വളർത്താനും ബാഹ്യശക്തികൾ കാത്തിരിപ്പുണ്ടെന്ന വസ്‌തുതയും നമ്മൾ കാണാതിരിക്കരുത്. ആരാധനാലയങ്ങൾ ജനങ്ങൾക്ക് സമാധാനവും ശാന്തിയും പകരാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയാണ്. അത് സമൂഹത്തിന്റെ സമാധാനം തകർക്കാൻ കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയക്കളികളുടെ വേദിയായി മാറരുത്. മതം മതമായും രാഷ്ട്രീയം രാഷ്ട്രീയമായും വേർതിരിഞ്ഞു നിൽക്കുന്നതു തന്നെയാണ് സമൂഹത്തിന്റെ മനസ്സമാധാനത്തിന് നല്ലത്.