
ഭാരതമാണ് ഈ ലോകത്തിനു തന്നെ ഏറ്റവും മികച്ച ഗായകനെ സംഭാവന ചെയ്തതെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. മുഹമ്മദ് റഫി എന്ന ഒരേയൊരു പേരല്ലാതെ മറ്റൊന്നു പറയാനാവില്ല! ആലാപനത്തിന്റെ സകല സങ്കല്പങ്ങളെയും പൊളിച്ചെഴുതുകയും സകല സാദ്ധ്യതകളെയും കണ്ടെത്തുകയും ചെയ്ത വിശ്വസംഗീതത്തിന്റെ തനിമയാർന്ന സ്വരം എന്ന് ഉച്ചൈസ്തരം വിശേഷിപ്പിക്കാവുന്ന ഏക ഗാതാവ്. റഫി ജീവിച്ചിരുന്നെങ്കിൽ ഇന്ന് നൂറു വയസ് തികയുമായിരുന്നു. പക്ഷേ വെറും അമ്പത്തിയഞ്ചാം വയസിൽ കാലയവനികയ്ക്കുള്ളിൽ മറയാനായിരുന്നു അദ്ദേഹത്തിന്റെ ദുർവിധി. വിയോഗമുണ്ടായി നാലര പതിറ്റാണ്ടുകൾ തികയുമ്പോഴും അദ്ദേഹം പാടി അനശ്വരമാക്കിയ അസംഖ്യം ഗാനങ്ങൾ എവിടെയും എപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു!
അവിഭക്ത ഭാരതത്തിലെ പഞ്ചാബ് പ്രവിശ്യയിൽ അമൃത‌്‌സറിനു സമീപമുള്ള കോട്‌ല സുൽത്താൻ സിങ് എന്ന ഗ്രാമത്തിൽ ഹാജി അലി മുഹമ്മദിന്റെയും അല്ലാഹു രാഖിയുടെയും ദ്വിതീയ പുത്രനായി 1924 ഡിസംബർ 24-ന് ആണ് ഫീക്കോ എന്ന് വിളിപ്പേരുള്ള മുഹമ്മദ് റഫി ജനിച്ചത്. ജന്മനാട്ടിലെ തെരുവുകളിൽ അലഞ്ഞുനടന്ന ഒരു ഫക്കീറിന്റെ കീർത്തനങ്ങൾ ബാലനായ ഫീക്കോയെ വല്ലാതെ ആകർഷിച്ചു. യാഥാസ്ഥിതികനായ പിതാവാകട്ടെ, മകൻ സംഗീതം പഠിക്കുന്നതിനോട് തീരെ യോജിച്ചില്ല. ഫീക്കോയുടെ സംഗീതാഭിരുചി മനസിലാക്കിയ മൂത്ത സഹോദരൻ ഹമീദാണ് ലാഹോറിൽ പോയി സംഗീതം പഠിക്കാൻ അനുജന് സഹായം ചെയ്തുകൊടുത്തത്. അങ്ങനെ ഉസ്താദ് അബ്ദുൾ വാഹിദ്‌ഖാൻ, പണ്ഡിറ്റ് ജീവൻലാൽ മട്ടു, ഫിറോസ് നിസാമി എന്നിവരുടെ കീഴിൽ ഏറെക്കാലം ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതം പഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സൈഗാളിന്റെ
അനുഗ്രഹം
ഒരിക്കൽ കുന്ദൻലാൽ സൈഗാളിന്റെ ഗാനമേള കേൾക്കാൻ ചെന്നതായിരുന്നു റഫിയും ജ്യേഷ്ഠനും. വൈദ്യുതി നിലച്ചുപോയതിനാൽ ഗാനമേള തുടങ്ങാനാവുന്നില്ല. ആ അവസരം മുതലാക്കി വേദിയിൽ കയറിച്ചെന്ന് സംഘാടകരുടെ അനുമതിയോടെ, ഏതാനും പാട്ടുകൾ മൈക്കില്ലാതെ തന്നെ റഫി പാടി. ജനക്കൂട്ടം അതീവ ശ്രദ്ധയോടെ ഓരോ പാട്ടും കേട്ടുനിന്നു. വൈദ്യുതി വന്നപ്പോൾ റഫിയെ ചേർത്തുനിറുത്തി തലയിൽ കൈവച്ച് അനുഗ്രഹിച്ചിട്ടാണ് സൈഗാൾ പാടാൻ തുടങ്ങിയത്. ആമുഖമായി ഇത്രയും കൂടി അദ്ദേഹം മൈക്കിലൂടെ അറിയിച്ചു: '' ഈ കുഞ്ഞു ഗായകന്റെ ശബ്ദം ഒരിക്കൽ വിദൂരങ്ങളിൽ വ്യാപിക്കും!""
സൈഗാളിന്റെ പരിപാടിയുടെ സംഘാടകൻ ശ്യാംസുന്ദർ ആയിരുന്നു. അദ്ദേഹം റഫിയെ ബോംബെയിലേക്ക് (ഇന്നത്തെ മുംബയ്) ക്ഷണിച്ചു. അപ്പോഴും പിതാവിന്റെ എതിർപ്പു നേരിടേണ്ടിവന്നു, സംഗീതം സ്വപ്നം കണ്ടു നടന്ന ആ കൗമാരക്കാരന്. ആ പ്രതിസന്ധി ഘട്ടത്തിലും മൂത്ത സഹോദരന്റെ പിന്തുണ അനുജനു ലഭിച്ചു. രണ്ടുപേരും ബോംബെയിലെത്തി. പഞ്ചാബി ചിത്രമായ 'ഗുൽബുലോചി"ൽ സീനത്ത് ബീഗത്തോടൊപ്പം 'ഗൊരിയേനി ഹിരിയേനി തേരി" എന്ന ഗാനം പാടാൻ ശ്യാംസുന്ദർ റഫിക്ക് അവസരം നൽകി. പിറ്റേക്കൊല്ലം ശ്യാംസുന്ദറിന്റെ തന്നെ 'ഗാവ്‌കി ഗോറി"യിലെ 'അജി ദിൽ ഹോ കാബൂ മേ" പാടിയതോടെ റഫിയുടെ ഹിന്ദി സിനിമാ പിന്നണി പ്രവേശനവും സാദ്ധ്യമായി. എന്നാൽ സംഗിത സംവിധായകൻ നൗഷാദിന്റെ ഗാനങ്ങൾ പാടാൻ തുടങ്ങിയതോടെയാണ് മുഹമ്മദ് റഫിയെ ആസ്വാദകലോകം അംഗീകരിച്ചത്. 'പെഹ്‌ലേ ആപ്" എന്ന ചിത്രത്തിലെ 'ഹിന്ദുസ്ഥാൻ കേ ഹം ഹേ" ആയിരുന്നു നൗഷാദിനൊപ്പമുള്ള ആദ്യ ഗാനം.
മേരം സപ്‌നോം
കി റാണി...
കെ.എൽ. സൈഗാളിനു ശേഷം ചലച്ചിത്ര സംഗീതത്തിൽ ഉദിച്ചുയർന്ന സൂര്യൻ എന്ന് അതോടെ റഫിയെ പലരും വിശേഷിപ്പിച്ചു തുടങ്ങി. 'ഷാജഹാനി"ലെ 'മേരേ സപ്നോംകി റാണീ" എന്ന ഗാനം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സൈഗാളിനൊപ്പം പാടാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവ ഭാഗ്യങ്ങളിലൊന്നായി പിന്നീട് റഫി തന്നെ വിലയിരുത്തുകയുണ്ടായി. 'ലൈലാ മജ്‌നു" വിലെ 'തേരേ ജൽവ ജിസ്‌നേ ദേഖോ" എന്ന പാട്ടു പാടിയതോടെ റഫിയുടെ യശസ് കുതിച്ചുയർന്നു. 'അൻമോൽ ഘാഡി"യിലെ 'തേരേ ഖിലൗന തൂത ബാലക്", 'ജുഗ്‌നു"വിലെ 'യഹാൻ ബദാല വഫാകാ" (നൂർജഹാനോടൊപ്പം ) എന്നീ പാട്ടുകളോടെ ഹിന്ദി ചലച്ചിത്രരംഗത്ത് റഫിയുടെ സ്ഥാനം അനിവാര്യമായിത്തീർന്നു.
റഫി എന്ന ഗായകനിലെ അനന്തസാദ്ധ്യതകൾ നൗഷാദ് എന്ന സംഗീത മാന്ത്രികൻ കണ്ടെത്തുകയായിരുന്നു. ഏതു ഭാവവും ഗാനത്തിനു പകർന്നു നൽകാനുള്ള അപാരസിദ്ധി റഫിക്കുണ്ടായിരുന്നു. ഹിന്ദിയിലെ നായകന്മാർക്കെല്ലാം ഏറ്റവും ഇണങ്ങുന്ന ശബ്ദമായി അദ്ദേഹം പെട്ടെന്നുതന്നെ മാറുകയും ചെയ്തു. മഹാത്മാഗാന്ധി വെടിയേറ്റുവീണ് അന്ത്യശ്വാസം വലിച്ചതിനുശേഷം 24 മണിക്കൂർ തികയും മുമ്പ് രജീന്ദർ കിഷൻ എഴുതിത്തീർത്ത 'സുനോ സുനോ ഏ ദുനിയാവാലാ" എന്ന ഗാനം ഹുസൻലാൽ - ഭഗത്‌റാം കൂട്ടുകെട്ടിന്റെ സംഗീതത്തിൽ പാടിയത് മുഹമ്മദ് റഫിയായിരുന്നു. ഈ ഗാനം ശ്രവിച്ച അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഗാനശില്‌പികളെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തുകയും, റഫിയെക്കൊണ്ട് അത് പാടിച്ചു കേൾക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് പ്രധാനമന്ത്രി അതു കേട്ടിരുന്നത്. പിറ്റേക്കൊല്ലം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ റഫിക്ക് വെള്ളിപ്പതക്കം സമ്മാനിച്ചാണ് രാഷ്ട്രം ഗായകന്റെ ആത്മാർപ്പണത്തെ അംഗീകരിച്ചത്.
ജനപ്രിയ ഗാനങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു മുന്നേറാൻ റഫിക്ക് അനായാസം കഴിഞ്ഞിരുന്നു. 'ബൈജു ബാവ്‌രാ"യിലെ 'ഓ ദുനിയാ കേ രഖ്‌വാലേ", 'മേല"യിലെ 'യേ സിന്ദഗീ കേ മേലേ", 'ദുലാരി"യിലെ 'സുഹാനി രാത് ഢൽ ചുകീ" എന്നീ പാട്ടുകൾ ഇന്നും പല തരത്തിൽ മാറ്റുരയ്ക്കപ്പെടുന്നുണ്ട്. ചില അഭിനേതാക്കൾക്കുവേണ്ടി റഫിയെ മാത്രം ആശ്രയിച്ച സംഗീത സംവിധായകരുണ്ട്. ദേവാനന്ദിനു വേണ്ടി പാടാൻ എസ്.ഡി. ബർമ്മൻ എപ്പോഴും തിരഞ്ഞെടുത്തിരുന്നത് റഫിയെയാണെന്നത് ഓർമ്മവരുന്നു. ഈ ഗായകനിൽ പലരും വലിയ വിശ്വാസമർപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം. ഒ.പി. നയ്യർ, ശങ്കർ - ജയ്‌കിഷൻ, ഹേമന്ത് കുമാർ, രാജേന്ദ്ര കിഷൻ, ലക്ഷ്‌മീകാന്ത് - പ്യാരേലാൽ, റോഷൻ, എൻ. ദത്ത തുടങ്ങി പലരും അക്കൂട്ടത്തിൽപ്പെടും.
പെരുമയേറ്റിയ
പുരസ്കാരങ്ങൾ
1965-ൽ രാജ്യം പദ്‌മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 1974-ൽ ഫിലിം വേൾഡ് മാഗസിന്റെ മികച്ച ഗായകനുള്ള പുരസ്കാരം 'ഹവാസി"ലെ 'തേരി ഗലിയോൻ മേ" എന്ന ഗാനത്തിന് റഫിയെ തേടിയെത്തി. 'ഹം കിസിസേ കം നഹീൻ" എന്ന ചിത്രത്തിലെ 'ക്യാഹുവാ തേരാ വാദാ" എന്ന ഗാനത്തിന് 1977-ൽ ദേശീയ പുരസ്കാരവും ഫിലിം ഫെയർ അവാർഡും ഒരുമിച്ചുകിട്ടി. മഹേന്ദ്രകപൂർ, മന്നാഡേ (രണ്ടു തവണ), എസ്.ഡി. ബർമ്മൻ, ഹേമന്ത് കുമാർ മുഖർജി, കെ.ജെ. യേശുദാസ് (മൂന്നു തവണ), മുകേഷ്, എം. ബാലമുരളീകൃഷ്ണ എന്നിവർക്കെല്ലാം ഇതേ പുരസ്കാരം ലഭിച്ചതിനു ശേഷമാണ് റഫിയുടെ കൈകളിൽ അതു വന്നുചേർന്നത് എന്ന വസ്തുതയും നിലനിൽക്കുന്നു.
മലയാളം ഒഴികെയുള്ള ഭാരതീയ ഭാഷകളിലും ചില വിദേശ ഭാഷകളിലും റഫി പാടി. മലയാളത്തിൽ പാടിക്കാൻ ആ ഗായകനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജിതിൻശ്യാം പരമാവധി ശ്രമിച്ചെങ്കിലും നമ്മുടെ ഭാഷ വഴങ്ങാത്തതിനാൽ റഫി സ്നേഹപൂർവം പിന്മാറുകയായിരുന്നു. എന്നാൽ, തന്റെ ആഗ്രഹം ജിതിൻശ്യാം മറ്റൊരു വിധത്തിൽ സാദ്ധ്യമാക്കി! 'തളിരിട്ട കിനാക്കൾ" എന്ന ചിത്രത്തിനു വേണ്ടി 'ഷബാബ് ലോകെ വോ" എന്ന ഹിന്ദി ഗാനം അദ്ദേഹത്തെക്കൊണ്ട് പാടിച്ചാണ് ജിതിൻശ്യാം ആ സ്വപ്നം നിറവേറ്റിയത്.
ലക്ഷ‌്മികാന്ത് - പ്യാരേലാലിന്റെ 'ആസ് പാസ് " എന്ന ചിത്രത്തിനു വേണ്ടി ' തൂ കഹീൻ ആസ് പാസ് ഹേ ദോസ്ത്" എന്ന ഗാനത്തിന്റെ ആലേഖനം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് റഫി പൊടുന്നനെ അസുഖബാധിതനായത്. ഒടുവിൽ 1980 ജൂലായ് 31 വ്യാഴാഴ്ച രാത്രി 10.30ന് ശ്രുതിലയങ്ങളുടെ വിളനിലമായിരുന്ന ആ ഹൃദയം എന്നേക്കുമായി നിലച്ചു. റഫി എന്ന വാക്കിന് 'പദവികൾ ഉയർത്തുന്നവൻ" എന്നാണ് അർത്ഥം. അതെന്തായാലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എളിയൊരു ശ്രമംപോലും അതിനായി ഉണ്ടായിട്ടില്ല. സദാ പുഞ്ചിരി കളിയാടിയിരുന്ന മുഖം, ധരിച്ചിരുന്ന വസ്ത്രം പോലെ അതിവിശുദ്ധമായ മനസ്, ഹിന്ദി ചലച്ചിത്രമേഖലയിൽ എക്കാലവും നടമാടിയിരുന്ന അന്തർനാടകങ്ങളിലൊന്നും അഭിരമിക്കാത്ത പ്രകൃതം. ശരിക്കും നാദോപാസകൻ.... റഫി ഒന്നേയുള്ളൂ.
ബോക്സ്
.................
ഒരു പിണക്കവും
നഷ്ടഗാനങ്ങളും
മഹാഗായകനായ മുഹമ്മദ് റഫിയും ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറും ഒരുമിച്ചുചേർന്നാലുള്ള ഗാനാനുഭവം നമുക്കിന്നും രോമാഞ്ചദായകമാണ്. പക്ഷേ ആ പ്രബലമായ കൂട്ടുകെട്ടിൽ നിന്ന് യുഗ്മഗാനങ്ങൾ അധികകാലമൊന്നും പുറത്തുവന്നില്ല. 'മായ" എന്ന ചിത്രത്തിലെ 'തസ്വീർ തേരി ദിൽ മേ" എന്ന ഗാനത്തിന്റെ ആലേഖനത്തിന് ഒരുങ്ങുമ്പോൾ, കൂടുതൽ ഭാഗം തനിക്കു പാടാൻ വേണമെന്ന് ലതാ മങ്കേഷ്‌കർ ശഠിക്കുകയായിരുന്നു. സംഗീത സംവിധായകനായ സലിൽ ചൗധരി ഗായികയുടെ പക്ഷം ചേർന്നതോടെ വിവാദം കൊഴുത്തു. പക്ഷേ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു, മുഹമ്മദ് റഫി. മേലിൽ ആ ഗായകനോടൊപ്പം പാടുകയില്ലെന്ന് ഗായിക പരസ്യമായി പ്രഖ്യാപിച്ചതോടെ അവർ തമ്മിൽ കൂടുതൽ അകന്നു. ആശാ ഭോംസ്‌ലെ, ഗീരാദത്ത് തുടങ്ങിയ ഗായികമാരാണ് ലതയുടെ പിന്മാറ്റത്തിനു ശേഷം റഫിക്കൊപ്പം പാടാൻ കൂടുതലായി എത്തിയത്.