exam

തിരുവനന്തപുരം: നാലുവർഷ ബിരുദത്തിൽ ഇക്കൊല്ലം ഓപ്പൺബുക്ക് പരീക്ഷകൾ നടപ്പാക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി. കൊല്ലത്തെ ശ്രീനാരായണ ഓപ്പൺ സർവകലാശാല മാത്രം ബിരുദ,പി.ജി സെമസ്റ്ററുകളിൽ ഓപ്പൺബുക്ക് പരീക്ഷ നടത്തിയിരുന്നു. റഫറൻസിനായി പാഠപുസ്തകങ്ങൾ പരീക്ഷാഹാളിൽ അനുവദിക്കുന്നതാണ് ഓപ്പൺബുക്ക് പരീക്ഷ. അറിവിനെക്കാൾ കുട്ടികളുടെ ഓർമ്മശക്തി പരിശോധിക്കുന്ന പരമ്പരാഗത പരീക്ഷാരീതികളിൽ മാറ്റംവരുത്താനാണ് നാലുവർഷ ബിരുദത്തിലെ പ്രധാന പരീക്ഷകൾ ഓപ്പൺബുക്ക് രീതിയിലാക്കാൻ തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കരട്ചട്ടം യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിരുന്നു. എന്നാൽ ഏതാനും ചിലകോളേജുകളിൽ ഇന്റേണൽ വിലയിരുത്തലിനൊഴികെ മുഖ്യപരീക്ഷകൾക്ക് ഓപ്പൺബുക്ക് രീതി നടപ്പാക്കാനായില്ല. അടുത്ത സെമസ്റ്റർ മുതൽ നടപ്പാക്കുമെന്ന് കൗൺസിൽ പറയുന്നു.

ഓപ്പൺബുക്ക് പരീക്ഷ വരുന്നതോടെ, പാഠഭാഗങ്ങൾ മനഃപാഠമാക്കി അതേപടി എഴുതാവുന്നതരം ചോദ്യങ്ങളുണ്ടാവില്ല. വിശകലന സ്വഭാവത്തിലും പ്രോബ്ലം സോൾവിംഗ് രീതിയിലുമുള്ളതായിരിക്കും ചോദ്യങ്ങൾ. വിദ്യാർത്ഥികളുടെ അപഗ്രഥനശേഷിയാവും വിലയിരുത്തുക. ബുദ്ധിയും വിശകലനശേഷിയുമുപയോഗിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളായിരിക്കും. പാഠ്യവിഷയം പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവും വിലയിരുത്തും.

ടീംവർക്ക്, ആശയവിനിമയം, സാമൂഹ്യഇടപെടൽ എന്നിവയ്ക്കുള്ള ശേഷി കൂട്ടാനും കുട്ടികളുടെ ചിന്തയും സൃഷ്ടിപരമായ കഴിവുകളും വികസിപ്പിക്കാനും ഓപ്പൺബുക്ക് പരീക്ഷ ഉപകരിക്കും. കൂടുതൽ ഓർമ്മശക്തിയുള്ളവരെ മികച്ച വിദ്യാർത്ഥികളായി കണക്കാക്കുന്ന നിലവിലെ രീതിമാറും. ബുദ്ധിവൈഭവവും കാര്യക്ഷമതയും അളക്കേണ്ടതിനാൽ മൂല്യനിർണയത്തിന് ഏകീകൃതമാനദണ്ഡം അസാദ്ധ്യമായതാണ് പരീക്ഷ നീളാൻ കാരണം.

ഗുണങ്ങൾ

വിഷയം ഉൾക്കൊണ്ട് പഠിക്കാം

ചിന്തയും വിശകലനവും കൂടും

പഠനനിലവാരം ഉയരും

പരീക്ഷാസമ്മർദ്ദം കുറയും

വിലയിരുത്തുന്നത്

അപഗ്രഥനം

പ്രയോഗിക്കൽ

വിശകലനം

വിലയിരുത്തൽ

ക്രിയാത്മകത

''ഓപ്പൺബുക്ക് പരീക്ഷാരീതി മികച്ചതാണ്. ഉടൻനടപ്പാക്കും.''

-ഡോ.കെ.എസ്.അനിൽകുമാർ

രജിസ്ട്രാർ, കേരള സർവകലാശാല