inauguration

ചിറയിൻകീഴ്: ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെയും എസ്.എൻ.വി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ ഗുരു നടത്തിയ ഫലക പ്രതിഷ്ഠയുടെ 103-ാം വാർഷികാഘോഷ സമ്മേളനം സെയിന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ മുൻ സ്പീക്കർ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്തു. മനുഷ്യൻ, മനുഷ്യത്വം എന്നിവയിലൂന്നിയുള്ള ദർശനങ്ങളാണ് ശ്രീനാരായണഗുരുദേവൻ സമൂഹത്തിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓം സത്യം, ധർമ്മം, ദയ, ശാന്തി - ഗുരു സന്ദേശത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ്, കേരള സർവ്വകലാശാല ഡയറക്ടർ ഡോ.എം.എ. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ കേരള സർവ്വകലാശാലയിൽ നിന്നു എം.എസ്.സി ബോട്ടണിയിൽ മൂന്നാം റാങ്ക് നേടിയ ജി.ശ്രുതി കൃഷ്ണ, എൻ.എസ്.ടി.ഐയിൽ നിന്നുആർകിടെക്ട് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഐശ്വര്യ എസ്. ചന്ദ്രൻ, കേന്ദ്രീയ വിദ്യാലയം സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഖോ ഖോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗമായ ആർ.അനുജിത്ത്, സി.ബി.എസ്.ഇ സ്റ്റേറ്റ് കലോത്സവത്തിൽ സംസ്കൃത പദ്യപാരായണത്തിനും ലളിതഗാനത്തിനും എ ഗ്രേഡ് നേടിയ എ.ആർ. അഭിനവ് എന്നിവർക്ക് ഗുരുസന്ദേശ പ്രതിഷ്ഠയുടെ മാതൃകാ ഫലകങ്ങൾ നല്കി. 103 ഫല വൃക്ഷ തൈകളുടെ വിതരണം ഹൈസ്കൂൾ മാനേജർ അഡോൾഫ് കയ്യാലക്കലിനും ഗുരു സന്ദേശ കലണ്ടർ ഇമാം എച്ച്.ഷഹീർ മൗലവിക്കും നൽകി എം.എ. സിദ്ധിഖ് നിർവഹിച്ചു. പാണൂർ മുസ്ലിം ജമാ അത്ത് മുഖ്യ ഇമാം എച്ച്.ഷഹീർ മൗലവി, ഗുരുവീക്ഷണം മാസിക എഡിറ്റർ പി.ജി.ശിവബാബു, പഠന കേന്ദ്രം സെക്രട്ടറി എ .ലാൽസലാം, സ്വാഗത സംഘം ജനറൽ കൺവീനർ വിപിൻ മിരാൻഡ, എസ്.എൻ.വി ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വി.ദിലീപ് കുമാർ, എസ്സ്.സുധി, കെ.ജയചന്ദ്രൻ, ഗീത അശോക് എന്നിവർ പങ്കെടുത്തു.