
വെഞ്ഞാറമൂട്: പണ്ടെങ്ങോ ടാറിട്ടതിന്റെ അവശേഷിപ്പ്, പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ ഇളകിക്കിടക്കുന്നു, മണ്ണൊലിച്ച് കുണ്ടും കുഴിയും നിറഞ്ഞ ദുർഘടപാത. നെല്ലനാട് പഞ്ചായത്തിലെ മുക്കുന്നൂർ കുഴിവിളയിൽ കോളനി കണ്ണൻ വിളാകം റോഡിനെ വിശേഷിപ്പിക്കാൻ ഇതിൽപ്പരം ഒന്നുംവേണ്ട. വർഷങ്ങളായി തകർന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റിട്ടുള്ളത്. ഓട്ടോറിക്ഷകൾ പോലും ഈ റോഡിൽ കയറാതെ യാത്രക്കാരെ വഴിയിലിറക്കി വിടുന്ന അവസ്ഥയാണ്. വലിയ വാഹനങ്ങൾ ഇതുവഴി വരാറേയില്ല. വർഷങ്ങളായി ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലുപേരാണ് ഇരുചക്ര വാഹനത്തിൽ നിന്നും വീണ് അപകടത്തിൽപ്പെട്ട് ആശുപത്രികളിൽ ചികിത്സ തേടിയത്.
പ്രതിഷേധവുമായി മുന്നോട്ട് പോകും
നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഗർഭിണികൾ, കൈക്കുഞ്ഞുങ്ങൾ, വൃദ്ധർ എന്നിവർ ഈ റോഡ് കാൽ നടയായി മറ്റൊരു റോഡിലെത്തിയാണ് വാഹനത്തിൽ കയറി ആശുപത്രിയിൽ പോകുന്നത്. സ്കൂൾ വിദ്യാർത്ഥികളടക്കം ദുരിതത്തിലാണ്. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.