വിതുര: മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ടും ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുവാൻ ആദിവാസികൾ തീരുമാനിച്ചു.ജില്ലയിലെ വിതുര, തൊളിക്കോട്,ആര്യനാട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിൽ മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം രൂക്ഷമാണ്.
ഏക്കർകണക്കിന് കൃഷികളാണ് കാട്ടുമൃഗങ്ങൾ നശിപ്പിച്ചത്. മാത്രമല്ല നിത്യവൃത്തിക്കായി വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽ കയറുവാൻ കഴിയാത്തഅവസ്ഥയാണ്. ഉപജീവനത്തിനായി വിളകളിൽ നടത്തിയിരുന്ന കൃഷികൾ മുഴുവൻ നശിപ്പിച്ചു.കാട്ടുമൃഗ ശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് അനവധി തവണപരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.ആനക്കിടങ്ങും,വൈദ്യുതിവേലിയും നിർമ്മിക്കുമെന്ന പ്രഖ്യാപനവും കടലാസിലാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി ആദിവാസികൾ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ പകൽസമയത്തും ആദിവാസിമേഖലകളിൽ കാട്ടാനക്കൂട്ടമുണ്ടാകും. വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. നാട്ടിൻപുറങ്ങളിലും പകൽ കാട്ടാനകൾ ഇറങ്ങുകയാണ്. വന്യമൃഗശല്യത്തിന് തടയിടുവാൻ സർക്കാർ പ്രഖ്യാപിച്ച മിക്ക പദ്ധതികളും കടലാസിലുറങ്ങുകയാണ്.
മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
മലയോര മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നും ആദിവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് 30ന് രാവിലെ 11ന് വനംമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡന്റ് പൊൻപാറ കെ.രഘുവും സംസ്ഥാനജനറൽസെക്രട്ടറി മേത്തോട്ടം പി.ഭാർഗവനും അറിയിച്ചു.