തിരുവനന്തപുരം: ജനകീയ വികസന പദ്ധതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കിയതു കൊണ്ടാണ് ജനങ്ങൾ ഇന്നും കെ.കരുണാകരനെ വികസന നായകൻ എന്ന് വിളിക്കുന്നതെന്ന് കെ. മുരളീധരൻ. കെ.കരുണാകരന്റെ 14-ാം ചരമവാർഷിക ദിനത്തിൽ ഐ.എൻ.ടി.യു. സിയുടെ നേതൃത്വത്തിൽ കനകക്കുന്ന് വളപ്പിലെ ലീഡറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്പർശിക്കുന്ന വികസനങ്ങളാണ് നാലുവട്ടം മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ നടപ്പിലാക്കിയത്. കേരളത്തിൽ എന്നും സ്മരിക്കപ്പെടുന്ന സ്ഥാപനങ്ങളാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നമുക്ക് നൽകിയത്. ഭാവിയിൽ എല്ലാ ഭരണകർത്താക്കൾക്കും മാതൃകയാക്കാൻ കഴിയുന്ന ഭരണശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഭരണകർത്താവെന്ന നിലയിലും പാർട്ടി നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടും.


ടി.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ, പാലോട് രവി, പീതാംബരക്കുറുപ്പ്, ചാല സുധാകരൻ, കെ.പി.ശ്രീകുമാർ, ജി.എസ് ബാബു, ജി.സുബോധൻ, കെ.മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കെ.പി.സി.സിയിൽ പുഷ്പാർച്ചന

ലീഡർ കെ.കരുണാകരന്റെ 14-ാം ചരമ വാർഷികദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി അനുസ്മരണ പരിപാടികൾ നടത്തി. കെ.കരുണാകരന്റെയും മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെയും ചരമവാർഷിക ദിന അനുസ്മരണത്തിന്റെ ഭാഗമായി കെ.പി.സി.സിയിൽ ഇരുവരുടെയും ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.