
തിരുവനന്തപുരം: വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസ് (എം) ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായി ചെയർമാൻ ജോസ് കെ. മാണി അറിയിച്ചു. കർഷകരെയും മലയോര ജനതയേയും ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്കകൾ അറിയിക്കാൻ മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായുണ്ടാകുന്ന വന്യജീവി സംഘർഷത്താൽ പൊറുതിമുട്ടുന്ന കേരളത്തിലെ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി 30 ലക്ഷം ജനങ്ങളെ സാരമായി ബാധിക്കുന്നതാണ് നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങളെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വനപാലകർ അറസ്റ്റ് ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിനുള്ള സമയപരിധി എത്രവേണമെങ്കിലും നീട്ടി നൽകുന്ന 63ാം വകുപ്പ് ഭേദഗതി, സംശയത്തിന്റെ പേരിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വരെ കൈമാറാനുള്ള ഭേദഗതി, വനാതിർത്തി നിശ്ചയിക്കുന്ന ജണ്ടയിലെ ഒരു കല്ലിളകി വീണാൽപോലും പ്രദേശവാസികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം തുടങ്ങിയവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.