ksrtc

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ഇ-ബസ് സേവ പദ്ധതി സംബന്ധിച്ച ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. കേരളത്തിലെ പത്ത് നഗരങ്ങൾക്കായി 950 ഇ ബസുകൾ വാടകയ്ക്ക് കിട്ടുന്ന പദ്ധതി കെ.ബി.ഗണേശ്‌കുമാർ

ഗതാഗത വകുപ്പ് മന്ത്രിയായതിനുശേഷം വേണ്ടെന്നു വയ്ക്കുകയായിരന്നു.

പദ്ധതി ഗുണകരമാണെന്നും എന്തുകൊണ്ട് നിരസിച്ചുവെന്നും കേന്ദ്ര ഊർജ്ജ, നഗരകാര്യ മന്ത്രി മനോഹർലാൽ ഘട്ടർ ഞായറാഴ്ച കോവളത്ത് നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനോടു ചോദിച്ചിരുന്നു. പരിശോധിച്ച് അറിയിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

പണമില്ലാത്തതുകാരണം പുതിയ ബസ് വാങ്ങുന്നത് നീണ്ടു പോകുമ്പോൾ, അധികം മുതൽ മുടക്കില്ലാതെ 950 ബസുകൾ ലഭ്യമാകുന്ന പദ്ധതി വേണ്ടെന്നു വച്ചത് എന്തുകൊണ്ടെന്ന് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയോട് വിശദീകരിക്കേണ്ടി വരും. പദ്ധതിയിൽ ചേരാൻ അവസരമുണ്ടെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾ പദ്ധതി ഉറപ്പാക്കി

# 2025 - 2029 കാലയളവിൽ 3,435.33 കോടി ചെലവിട്ട് സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പി.എം.ഇ-ബസ് സേവാ പദ്ധതി. പല സംസ്ഥാനങ്ങളും പദ്ധതിയിൽ ചേർന്നു.

# കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി കേരളം വഹിക്കണം. ബസുകൾക്ക് 12 വർഷത്തെ മെയിന്റനൻസ് ഗ്യാരന്റിയുണ്ട്. ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടിക്കാം.

# ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി. ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് തുടങ്ങിയ ചെലവുകളും അവർ വഹിക്കും. കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ടതു മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ ചുമതല. കിലോമീറ്ററിന് 8 രൂപയാണ് കണ്ടക്ടറുടെ വേതനം

എതിർക്കാനുള്ള ന്യായീകരണം

# തുടക്കത്തിൽ തന്നെ നല്ലൊരു തുക കൈമാറേണ്ടി വരും.

# നിർദേശിച്ച നഗരങ്ങളിൽ ആവശ്യത്തിന് ബസുകളുണ്ട്.

പ്രയോജനം കിട്ടുന്ന നഗരങ്ങൾ

കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ഇ-ബസുകൾ