
ചിറയിൻകീഴ്: യുവാവിനെ ദാരുണമായി കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ചിറയിൻകീഴ് തിട്ടയിൽമുക്ക് തോപ്പിൽ പാലത്തിന് സമീപം ഇലഞ്ഞിക്കോട് വീട്ടിൽ ആട്ടോ ജയൻ എന്ന് വിളിക്കുന്ന ജയനെ (43) ചിറയിൻകീഴിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളും സഹായിയും പിടിയിലാകുന്നത് തമിഴ് നാട്ടിൽ നിന്ന്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, പിടിച്ചുപറി അടക്കം അമ്പതോളം കേസുകളുണ്ട്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കൂന്തള്ളൂർ പടനിലം വട്ടവിള വീട്ടിൽ ലാലിനെയും (51) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം ആറ്റിങ്ങൽ മുള്ളിയൻ കാവിലുള്ള കൃഷി തോട്ടത്തിൽ രണ്ട് ദിവസം ഒളിവിൽ താമസിച്ച ജയൻ ലാലിന്റെ സഹായത്തോടെയാണ് തമിഴ്നാട്ടിലേക്ക് കടന്നത്. കഴിഞ്ഞ മാസം നവംബർ 22നാണ് ചിറയിൻകീഴ് ആനത്തലവട്ടം ചൂണ്ട കടവിൽ വച്ചു കടയ്ക്കാവൂർ സ്വദേശി വിഷ്ണു പ്രസാദിനെ (25) അതി ദാരുണമായി കൊലപ്പെടുത്തിയത്. തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെയും നാട്ടിലുള്ളവരെ ബന്ധപ്പെടാതേയും ഒളിത്താവളങ്ങൾ മാറിയും പൊലീസിനെ വട്ടം ചുറ്റിച്ചു. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം രൂപീകരിച്ചു നടത്തിയ വിദഗ്ദ്ധമായ അന്വേഷണത്തിലാണ് തമിഴ്നാട് ദിണ്ടിഗലിൽ നിന്നും ഒരു മാസത്തിന് ശേഷം പിടിയിലാകുന്നത്. ഈ കേസിലെ രണ്ടാം പ്രതിയായ ജിജു (47), ഓട്ടോ ജയന്റെ കൂട്ടുകാരായ അരുൺ (31), അനൂപ് (40), രാജേഷ് (50) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആറ്റിങ്ങൽ പൊലീസ് ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ വി.എസ് വിനീഷ്, എസ്.സി.പി.ഒ വിഷ്ണു, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ ബി.ദിലീപ്, സി.പി.ഒ സുനിൽരാജ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. ചിറയിൻകീഴ് എസ്.ഐ മാരായ മനോഹരൻ, ശ്രീബു, സജീർ, സി.പി. ഒ ഹാഷിം എന്നിവരും കേസ് അന്വേഷണത്തിൽ പങ്കാളികളായിരുന്നു.