തിരുവനന്തപുരം: ഫലപ്രദമായ ചർച്ചകൾ നടക്കുന്ന കേരള നിയമസഭ ലോകത്തിലെ ഏറ്റവും മികച്ച സഭകളിലൊന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവിയുടെ നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരമായ 'സഭാസംവാദം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം എല്ലായിടത്തും പറയും. സഭയിലും പറയും. എന്നാൽ, രാഷ്ട്രീയ അതിപ്രസരം ഉണ്ടാകരുതെന്ന് മാത്രം. ആരോഗ്യകരമായ ചർച്ചകൾ നടക്കുന്നയിടമാണിത്. സഭാ സമ്മേളനത്തിൽ മുഴുവൻ സമയവും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. ചായ കുടിക്കാൻ പോയാലും അപ്പോൾ സഭയ്ക്കുള്ളിൽ നടക്കുന്ന ചർച്ചകളെ കുറിച്ചാണ് ചിന്തിക്കുന്നത്. വിഷയങ്ങൾ ഗ്രഹിക്കാനും മന്ത്രിമാരുടെ തെറ്റുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടാനും സഭയിൽ നിന്ന് ലഭിക്കുന്ന അറിവുകൾ സഹായിക്കും.

ഡോ.ശശിതരൂർ എം.പി പുസ്തകം ഏറ്റുവാങ്ങി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. മലങ്കരസുറിയാനി കാത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ്പ് ജ്വോഷ്വാ മാർ ഇഗ്നാത്തിയോസ് ക്രിസ്മസ് സന്ദേശം നൽകി. ഡോ.ജോർജ് ഓണക്കൂർ പുസ്തകാവതരണം നടത്തി. ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ, ലത്തീൻ അതിരൂപത വികാർ ജനറൽ ഡോ.യൂജിൻ.എച്ച്.പെരേര, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മുൻ എം.എൽ.എ പിരപ്പൻകോട് മുരളി,മുൻ സ്പീക്കർ എൻ.ശക്തൻ,മുൻമന്ത്രി വി.എസ്.ശിവകുമാർ, സി.പി.ജോൺ,ഡോ.ഓമനക്കുട്ടി,പന്തളം ബാലൻ,ചെറിയാൻ ഫിലിപ്പ്, വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു.