thrissur-pooram

തിരുവനന്തപുരം: തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണങ്ങൾ നീളും. സർക്കാർ സമയപരിധി നൽകിയിട്ടില്ല. ഇതിനു പിന്നിലെ ഗൂഢാലോചനയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷിക്കുന്നത്. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പൊലീസ് മേധാവി ഷേഖ്ദർവേഷ് സാഹിബാണ് അന്വേഷിക്കുന്നത്.

ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് അന്വേഷണങ്ങളിൽ കാര്യമായ പുരോഗതിയില്ല. മൂന്ന് അന്വേഷണങ്ങൾ വേർതിരിച്ച് പ്രഖ്യാപിച്ചത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കാനും പുകമറയുണ്ടാക്കി എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ രക്ഷിക്കാനും ലക്ഷ്യമിട്ടാണെന്ന് ആക്ഷേപമുണ്ട് . പൂരംകലക്കിയതിൽ ക്രമസമാധാന പ്രശ്നമില്ല,

ഏകോപനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. മരാമത്ത്, ടൂറിസം,റവന്യൂ, വനം,വൈദ്യുതി, ജലവിഭവം,ആരോഗ്യം, ഭക്ഷ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പൂരത്തിന് നിയോഗിച്ചിരുന്നു. കളക്ടർക്കായിരുന്നു ഏകോപനം.

അതേസമയം, പൊലീസൊഴിച്ച് മറ്റ് വകുപ്പുകളെക്കുറിച്ച് ഇതുവരെ പരാതി ഉയർന്നിട്ടില്ല. എന്നിട്ടും അന്വേഷണം പ്രഖ്യാപിച്ചത് എല്ലാവരെയും സംശയമുനയിലാക്കി കുറ്റക്കാരെ രക്ഷപെടുത്താനാണെന്നാണ് ആക്ഷേപം. മൂന്ന് അന്വേഷണങ്ങളിലും പരസ്പര വിരുദ്ധമായ കണ്ടെത്തലുകളുണ്ടായാലും കുറ്റാരോപിതർക്ക് രക്ഷപെടാൻ വഴിയൊരുങ്ങും. മൊഴികളിലെ വൈരുദ്ധ്യവും പഴുതാവും.

ഡി.ജി.പിയുടെ ആദ്യ അന്വേഷണത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചുമതല ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസിനുമാണെന്നാണ് അജിത്കുമാർ മൊഴിനൽകിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ഹൈക്കോടതി മാർഗനിർദ്ദേശപ്രകാരവും സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരവുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇവ നിയമവിരുദ്ധമായി മറികടക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടവും ഇത് അനുവദിച്ചില്ല. ഇക്കൊല്ലം ശക്തമായി മാർഗരേഖ നടപ്പാക്കാൻ തീരുമാനിച്ചു. അതിനായി പൊലീസ് സമഗ്രമായ പദ്ധതിയുണ്ടാക്കി. ഒരു ദേവസ്വത്തിലെ ആളുകൾ മനപൂർവ്വം പൊലീസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു- ഇതാണ് മൊഴി.

സംഘപരിവാറിനെതിരെ അജിത്തിന്റെ റിപ്പോർട്ട്

 തിരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിറുത്തി അരങ്ങേറിയ ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ടെന്നാണ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

അന്വേഷണ റിപ്പോർട്ടിൽ സംഘപരിവാറിനെതിരെയും പരാമർശങ്ങളുണ്ട്. പൂരത്തിന്റെ അവസാന സമയത്താണ് അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായത്.

വ്യക്തമായ ലക്ഷ്യങ്ങളോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.