uni

തിരുവനന്തപുരം: കേരള സർവകലാശാല പൂർണമായി ഭിന്നശേഷി സൗഹൃദമാവും.ഭിന്നശേഷി ഓഡിറ്റിനായി യു.ജി.സി നിയോഗിച്ച സംഘം കഴിഞ്ഞ ദിവസം കാര്യവട്ടം ക്യാമ്പസ്,യൂണിവേഴ്സിറ്റി ലൈബ്രറി,സെനറ്റ് ഹൗസ് ക്യാമ്പസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ജമ്മു സർവകലാശാലയിലെ പ്രൊഫ.എ.എസ്.ജസ്റോട്ടിയയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. ഭിന്നശേഷിക്കാരായ അദ്ധ്യാപകർ,വിദ്യാർത്ഥികൾ,അനദ്ധ്യാപകർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ഡോ.മഞ്ജു എസ്.നായർ സർവകലാശാലയുടെ വിവിധ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനത്തെ കേരള സർവകലാശാലയിൽ മാത്രമാണ് യു.ജി.സിയുടെ ഓഡിറ്റ്.

സാമൂഹികനീതി വകുപ്പ് നൽകിയ 70 ലക്ഷം രൂപ ഉപയോഗിച്ചാണ് ഭിന്നശേഷിസൗഹൃദ പദ്ധതികൾ നടപ്പാക്കിയതെന്ന് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ പറഞ്ഞു.35ലക്ഷം ചെലവിട്ട് സെനറ്റ് ഹാളിലും വിദ്യാർത്ഥി സേവന കേന്ദ്രത്തിലും ഭിന്നശേഷി സൗഹൃദ പാത,ടോയ്‌‌ലെറ്റ്,പാർക്കിംഗ് എന്നിവ സജ്ജമാക്കി.രണ്ടാംഘട്ടത്തിൽ അനുവദിച്ച 35ലക്ഷം ഉപയോഗിച്ച് റാമ്പുകളുടെ നവീകരണം,സെനറ്റ് ഹാളിലും ഓഡിറ്റോറിയത്തിലും റാമ്പ്,പ്ലാറ്റ് ഫോം,ലിഫ്‌റ്റ്, കൈവരികൾ എന്നിവ നിർമ്മിക്കും.ഇവയ്ക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചതോടെ,കൂടുതൽ കേന്ദ്ര സഹായധനം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഭിന്നശേഷി സൗഹൃദമാവാനുള്ള തയ്യാറെടുപ്പിലാണ് സർവകലാശാലയെന്ന് രജിസ്ട്രാർ പറഞ്ഞു.