
#പരാതി സ്വർണക്കടത്ത് ആരോപണത്തിൽ
തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയന് ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നതായി എ.ഡി.ജി.പി എംആർ അജിത്കുമാർ ഡി.ജി.പിക്ക് മൊഴി നൽകിയതിനെതിരേ എ.ഡി.ജി.പി പി.വിജയന്റെ പരാതി. തനിക്കെതിരേ കള്ളമൊഴി നൽകിയ അജിത്കുമാറിനെതിരേ വിശദമായ അന്വേഷണം വേണമെന്നും കേസെടുക്കണമെന്നുമാണ് വിജയൻ ഡിജിപിക്ക് നൽകിയ പരാതിയിലുള്ളത്. ഡിജിപി ഈ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. കേസെടുത്തില്ലെങ്കിൽ വിജയൻ കോടതിയെ സമീപിച്ചേക്കും. നിലവിൽ ഇന്റലിജൻസ് മേധാവിയാണ് പി.വിജയൻ, അജിത്കുമാർ ബറ്റാലിയനിലും.
പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ ഡി.ജി.പി നടത്തിയ അന്വേഷണത്തിലാണ് അജിത്കുമാർ ഈ മൊഴി നൽകിയത്. ചില ഉന്നത പൊലീസുദ്യോഗസ്ഥർ, കീഴുദ്യോഗസ്ഥർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് അജിത് മൊഴിയിൽ ആരോപിക്കുന്നത്. അജിത്കുമാറിന്റെ ആരോപണം എസ്.പി സുജിത്ത് നിഷേധിച്ചിട്ടുണ്ട്. പിടിച്ചെടുക്കുന്ന സ്വർണം കസ്റ്റംസിന് കൈമാറണമെന്ന് കണ്ണൂർ മുൻ ഡി.ഐ.ജി നിർദ്ദേശിച്ചെന്നും മൊഴിയിലുണ്ടായിരുന്നു. ഇക്കാര്യം തന്നോട് ആരും നിർദ്ദേശിച്ചിട്ടില്ലെന്നും സുജിത്ത്ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
അജിത്തിന്റെ വലംകൈയാണെന്ന് അൻവർ ചൂണ്ടിക്കാട്ടിയ മുജീബുമായുള്ള ബന്ധത്തിന്റെ പേരിലും മുതിർന്ന ഉദ്യോഗസ്ഥരെ അജിത്ത് മൊഴിയിൽ വലിച്ചിഴച്ചിട്ടുണ്ട്. പി.വിജയൻ, ശങ്കർറെഡ്ഡി എന്നിവരുടെയും സുഹൃത്താണ് മുജീബ്. കൊവിഡുകാലത്ത് വിജയനും മുജീബുമായി ചേർന്ന് ആരംഭിച്ച സൗജന്യ ഭക്ഷണവിതരണ പദ്ധതി അന്നത്തെ ഡി.ജി.പിയും ഭാര്യയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. തനിക്ക് മുജീബുമായി 45വർഷത്തെ പരിചയമുണ്ടെന്നും അജിത്ത് പറയുന്നു. എന്നാൽ തന്റെ പേര് മൊഴികളിൽ അനാവശ്യമായി വലിച്ചിഴച്ചതിനെതിരേയാണ് പി.വിജയൻ പരാതി നൽകിയത്.