manohar-lal-khattar

തിരുവനന്തപുരം:സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയ സാധ്യത പരിഗണിക്കണമെന്ന് കേന്ദ്രഉൗർജ്ജ മന്ത്രി മനോഹർലാൽ ഖട്ടറിനോട് അഭ്യർത്ഥിച്ച് കേരളം. വൈദ്യുതി,നഗരവികസന പ്രവർത്തനങ്ങൾ അവലോകനംചെയ്യാൻ തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിക്ക് സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നൽകിയ നിവേദനത്തിലാണിത്. സംസ്ഥാനത്തിനകത്തോ,പുറത്തോ കേരളത്തിനായി ആണവനിലയം സ്ഥാപിക്കാനുള്ള സാധ്യത തേടണമെന്നായിരുന്നു അപേക്ഷ. ഇതിനാവശ്യമായ സ്ഥലം കേരളം തന്നെ കണ്ടെത്തിയാൽ ആലോചിക്കാമെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

ആണവ നിലയം സ്ഥാപിക്കാൻ 150 ഏക്കർ സ്ഥലം വേണം. കാസർകോട്ടെ ചീമേനിയാണ് അനുയോജ്യ സ്ഥലമായി കേരളം കണ്ടു വച്ചിട്ടുളളത്. ആണവ നിലയം സ്ഥാപിച്ചാൽ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതിൽ പരിഹരിക്കാനാവുമെന്ന നിർദ്ദേശത്തോട് കേന്ദ്രമന്ത്രി യോജിച്ചു. ആണവ വൈദ്യുത നിലയത്തിനായി സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ഊർജവകുപ്പും വൈദ്യുതിബോർഡും പദ്ധതി നിർദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോർജ കോർപ്പറേഷനുമായി നേരത്തെ കെഎസ്ഇബി പ്രാരംഭ ചർച്ച നടത്തിയിരുന്നു.

വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തിൽ പത്ത് ശതമാനത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് മാതൃകയാണെന്നും മനോഹർലാൽ ഖട്ടർ അഭിപ്രായപ്പെട്ടു.കാർബൺര ഹിത പുനരുപയോഗ ഊർജ്ജ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ അഭിനന്ദിച്ച അദ്ദേഹം ഈ രംഗത്തെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും വാഗ്ദാനം നൽകി.തിരുവനന്തപുരം, കോഴിക്കോട് മെട്രോ, കൊച്ചി മെട്രോ മൂന്നാം ഘട്ടം എന്നിവയുടെ അനുമതി സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് കൈമാറി.