medical-waste

തിരുവനന്തപുരം :കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ മൂന്നു ഗ്രാമങ്ങളിൽ തള്ളിയിരുന്ന മാലിന്യങ്ങൾ കേരളം പൂർണമായി നീക്കി. ഇന്നലെ 11 ലോറി മാലിന്യമാണ് മാറ്റിയത്. ഇതോടെ 30ലോറികളിലായി ആകെ 300ടൺ മാലിന്യം നീക്കിയെന്നാണ് പ്രാഥമിക കണക്ക്. രണ്ടുദിവസമായി ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് തിരുനെൽവേലിയിലെ കൊണ്ടാനഗരം,പളവൂർ,കോടനല്ലൂർ,മേലത്തടിയൂർ ഗ്രാമങ്ങളിൽ കേരളത്തിലെ ഏജൻസികൾ തള്ളിയിരുന്ന മാലിന്യം നീക്കിയത്. മലിന്യങ്ങൾ നീക്കിയ സ്ഥലങ്ങൾ തമിഴനാട് ആരോഗ്യവകുപ്പ് ശുചീകരിച്ചു. ഞായറാഴ്ച രാവിലെ ആരംഭിച്ച മാലിന്യനീക്കം രാത്രിയായതോടെ നിറുത്തിവച്ച ശേഷം ഇന്നലെ രാവിലെ വീണ്ടും തുടങ്ങി. ഇന്നലെ രാത്രി ഏഴോടെയാണ് അവസാന ലോറിയും കേരളത്തിലേക്ക് തിരിച്ചത്. മാലിന്യങ്ങൾ ക്ലീൻകേരള കമ്പനിയുടെ കൊല്ലം,പാലക്കാട്,എറണാകുളം,മലപ്പുറം ജില്ലകളിലെ ഗോഡൗണുകളിൽ വേർതിരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. റീസൈക്ളിംഗിന് പറ്റുന്ന മാലിന്യങ്ങൾ യൂണിറ്റുകളിലേക്ക് മാറ്റും. പൊടിഞ്ഞതും പഴകിയതുമായവ കൊച്ചിയിലെ കെയിലിന് ലാൻഡ് ഫില്ലിംഗിന് കൈമാറും. ബയോമെഡിക്കൽ മാലിന്യങ്ങളും കെയിലിന് സംസ്കരിക്കാൻ സൗകര്യമുണ്ട്. സിമെന്റ് ഫാക്ടറികൾക്ക് നൽകേണ്ടവ അവിടേക്കും അയക്കാനുള്ള പ്രവർത്തനങ്ങളാണ് ഇനി നടക്കുക.

മാലിന്യം നീക്കിയതിന്റെ ചിത്രങ്ങൾ സഹിതം സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിന് കൈമാറും. കേരള മാലിന്യങ്ങൾ തമിഴ്നാട്ടിൽ കണ്ടെത്തിയതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ,ഡോ.രത്തൻ.യു.ഖേൽക്കർ എന്നിവർ യോഗം ചേർന്ന് മാലിന്യം നീക്കം ചെയ്യാൻ പദ്ധതി തയ്യാറാക്കിയത്.