
സമസ്തമനുഷ്യരുടെയും ആദ്ധ്യാത്മികമായ ശ്രേയസ്സവും അഭ്യുന്നതിയുമായിരുന്നു ഗുരുവിന്റെ അവതാരദൗത്യം. ലോകസഞ്ചാരം പലതവണ നടത്തുകയും അനേകം ആദ്ധ്യാത്മികപുരുഷന്മാരുമായി ഇടപെടുകയും ചെയ്ത വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഗുരുവിനെക്കാൾ ആദ്ധ്യാത്മികമായി ഉയർന്ന മറ്റൊരാളെയോ ഗുരുവിനു തുല്യനായ ഒരാളെയോ താൻ കണ്ടിട്ടില്ലെന്നാണ്. ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടുവെന്ന് പാശ്ചാത്യചിന്തകനും പുരോഹിതനുമായിരുന്ന ദീനബന്ധു സി.എഫ്.
ആൻഡ്രൂസും, ദശലക്ഷക്കണക്കിനു വിശ്വാസികളിൽ ഗുരുവിന്റെ മഹിതമായ ആദ്ധ്യാത്മിക പ്രവർത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നോബൽ സമ്മാനജേതാവ് റൊമെയ്ൻ റോളണ്ടും, ഗുരുദേവന്റെ സംഭാഷണം ഒരു യഥാർത്ഥ മഹാത്മാവിന്റെ ജിഹ്വാതലത്തിൽ നിന്നു പുറപ്പെട്ടതാണെന്ന് മഹാത്മജിയുംവെളിപ്പെടുത്തിയിട്ടുണ്ട്. അവർ പെരിയോർകൾ എന്ന് രമണമഹർഷി. ഗുരുസ്തവം, ഗുരുപാദദശകം, സ്വാമി തിരുനാൾ വഞ്ചിപ്പാട്ട് തുടങ്ങിയ സ്തോത്രങ്ങളിലൂടെ തന്റെ ഗുരുഭക്തിയും ഗുരുപൂജയും ഗുരുസ്വരൂപവും വെളിവാക്കിയ മഹാകവി കുമാരനാശാന്റെ നേരനുഭവസാക്ഷ്യങ്ങളും നമ്മുടെ പക്കലുണ്ട്. ഈ മഹത്തുക്കളൊക്കെ അറിഞ്ഞ ഗുരുദേവനെ നമ്മുടെ സമൂഹത്തിലെ അധികം പേർക്കും ഇനിയും അറിയുവാൻ കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്. സാമൂഹ്യപരിഷ്ക്കർത്താവിന്റെയും നവോത്ഥാനനായകന്റെയും സമുദായോദ്ധാരകന്റെയും മട്ടിലല്ലാതെ ഗുരുവിനെ മറയില്ലാതെ കാണുവാൻ തക്കവിധം അവരുടെ കണ്ണുകൾ ഇനിയും തുറന്നിട്ടില്ല. ഗുരുവിലേക്ക് ഏറെ അടുക്കാനും ഗുരുദേവനെ നിത്യം സ്മരിക്കാനും ഉതകുന്ന നിരവധി പ്രാർത്ഥനകൾ നമുക്ക് മുന്നിലുണ്ട്.
നൂറ് കണക്കിന് വരുന്ന സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ഒരു നീണ്ട നിരതന്നെ നമ്മുടെ ചരിത്രത്തിലുണ്ട്.
അവർക്കൊപ്പമാണ് ശ്രീബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടെയും ഗുരുവിന്റെയും സ്ഥാനമെന്നു നിർണ്ണയിച്ചാൽ അത് അപൂർണ്ണമായിരിക്കും. അഷ്ടാംഗമാർഗങ്ങളും പഞ്ചശീലതത്ത്വങ്ങളും ധർമ്മപദവും അറിയാതെ ബുദ്ധനെ അറിയാനാവുകയില്ല. ബൈബിളിലും ഖുറാനിലും ഹൃദയം സമർപ്പിക്കാത്തവർക്ക് ക്രിസ്തുവിനെയും നബിയെയും അറിയാനാവുകയില്ല. അതുപോലെ ഗുരുവിരചിതങ്ങളായ ദാർശനിക കൃതികളും അനുശാസനാ കൃതികളും സ്തോത്രകൃതികളും തത്ത്വസംഹിതകളും ശ്രീനാരായണധർമ്മവും അറിയാതെ ഭഗവാൻ ശ്രീനാരായണഗുരുദേവനെയും അറിയാനാവുകയില്ലെന്നതാണ് യാഥാർത്ഥ്യം.
ഗുരുദേവൻ അവിടുത്തെ ജീവിത സായാഹ്ന വേളയിലെ ഉപദേശമായി നല്‍കിയ ശിവഗിരി തീർത്ഥാടനം 92-ാംവർഷത്തിലെത്തി നില്‍ക്കുകയാണ്. മനുഷ്യജീവിതത്തെ സമസ്തമേഖലയിലേക്കും ഉയർത്തുന്നതിന് അഷ്ടലക്ഷ്യങ്ങൾ ഒഴിവാക്കിയുള്ള മുന്നേറ്റം ജനതയ്ക്കാവില്ലായെന്ന് ഗുരുദേവൻ കണ്ടറിഞ്ഞിരുന്നു. ഭേദചിന്തകൾക്കൊന്നും ഇടനല്‍കാതെ എല്ലാ വിഭാഗം ജനതയ്ക്കും സ്വീകാര്യമായതും അതുവഴി ലോകം ഒന്നായി സ്വീകരിച്ചതുമാണ് ശിവഗിരി തീർത്ഥാടനം.
(തയ്യാറാക്കിയത് : സജി നായർ )