university

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭാഷാവിഷയങ്ങൾ പഠിപ്പിക്കുന്ന ഓറിയന്റൽ ബ്ലോക്കിന് പകരമുള്ള എ.ആർ സെന്റർ കെട്ടിടം നവീകരണം യാഥാർത്ഥ്യമായില്ല.ഓറിയന്റൽ ബ്ലോക്ക് പൂട്ടി അവിടെ നടന്നിരുന്ന ബി.എ,എം.എ മലയാളം,ഹിന്ദി,സംസ്കൃതം ക്ലാസുകൾ മെയിൻ ബ്ലോക്കിലേക്ക് മാറ്റിയിട്ട് വർഷം രണ്ടര കഴിയുന്നു. പഠനത്തിന് മതിയായ സ്ഥല സൗകര്യവും ക്ലാസ് മുറികളുമില്ലാതെ കുട്ടികളും അദ്ധ്യാപകരും വിഷമിക്കുമ്പോഴും കെട്ടിട നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് മിണ്ടാട്ടമില്ലെന്ന് ആക്ഷേപം.

യൂണിവേഴ്സിറ്റി കോളേജിന് എതിർവശത്ത് സംസ്കൃത കോളേജിനോട് ചേർന്നുള്ള സ്ഥലത്ത് ആറു നിലകളിലായി രണ്ട് പുതിയ കെട്ടിടങ്ങളും,ഇടിഞ്ഞുപ്പൊളിഞ്ഞ് വീഴാറായ മലയാളം വിഭാഗമായ ഓറിയന്റൽ ബ്ലോക്കിനെ അതിന്റെ പൈതൃകം ചോരാതെ പുതുക്കിപ്പണിയുന്ന ജോലിയുമാണ് കരാറിലുള്ളത്.

എന്നാൽ കിഫ്ബിയുടെ നിർമ്മാണ ഏജൻസിയായ കിറ്റ്കോ കമ്പനി എ.ആർ സെന്ററിന്റെ നിർമ്മാണം അനന്തമായി നീട്ടിക്കൊണ്ടു പോകുകയാണ്.എ.ആർ.രാജരാജ വർമ്മ മുതൽ തിരുനെല്ലൂർ കരുണാകരൻ വരെയുള്ള പ്രത്ഭന്മാർ പഠിപ്പിച്ച യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം ഇന്ന് ഏതുസമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ്.

പദ്ധതിച്ചെലവ് - 21 കോടി രൂപ

ഫണ്ട് - കിഫ്ബി ഫണ്ട്

പൈതൃക ഇടനാഴിയുടെ പേരിൽ

കോളേജ് സ്ഥിതി ചെയ്യുന്നിടം മുതൽ സ്പെൻസ‌ർ ജംഗ്ഷൻ വരെ പൈതൃക ഇടനാഴിയാണെന്നും വലിയ കെട്ടിടങ്ങൾ പാടില്ലെന്നും വാദിച്ച് ചിലർ കേസിന് പോയിരുന്നു.കേസിനെ തുടർന്ന് കെട്ടിടം നാല് നിലകളായി ചുരുക്കാനുള്ള ശ്രമവും അണിയറയിൽ നടന്നു.ആ കടമ്പകളെല്ലാം കടന്നാണ് ഇപ്പോൾ ഒരു കെട്ടിടത്തിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് കോളേജ് ബിൽഡിംഗ് കമ്മിറ്റി കൺവീനറും അദ്ധ്യാപകനുമായ ഡോ.ബി.അശോക് കേരള കൗമുദിയോട് പറഞ്ഞു.

പണി തുടങ്ങിയത്

എ.ആർ ബ്ലോക്കിന് പിന്നിലെ പുതിയ ആറുനില മന്ദിരം.എൽ ഷേപ്പിലെ കെട്ടിടത്തിന്റെ അടിത്തറയുടെ പകുതി പണി പൂർത്തിയാക്കി.ബാക്കി തുടങ്ങണം.ഇതിൽ 30 ക്ലാസ് മുറികളും ഹാളും ഉൾപ്പെടെയാണുള്ളത്.


പ്രശ്നങ്ങൾ

നിർമ്മാണ കമ്പനിയായ കിറ്റ്കോക്ക് വിദ്ഗ്ദ്ധരായ തൊഴിലാളികളില്ലെന്നും ആക്ഷേപമുണ്ട്.തേക്കിന് പകരം മറ്റു തടികൾ ഉപയോഗിക്കാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദ്ദേശം,ഫണ്ട് കുറവുമുണ്ട്.

അടച്ചു പൂട്ടിയത് 2022ൽ

ഓറിയന്റൽ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്നത് മലയാളം,ഹിന്ദി,​സംസ്കൃതം ഭാഷാവിഷയങ്ങളുടെ ഡിപ്പാർട്ടുമെന്റുകളാണ്.

ഇവിടെ പ്രവർത്തിച്ചിരുന്ന 15 ക്ലാസുകളും ഇപ്പോൾ പ്രവർത്തിക്കുന്നത് യൂണിവേഴ്സിറ്റി കോളേജിന്റെ മെയിൻ ബ്ലോക്കിൽ.15 പേർക്ക് ഇരിക്കാവുന്ന ക്ലാസിൽ 25 കുട്ടികളാണ് പഠിക്കുന്നത്.