1

വിഴിഞ്ഞം: തിരമാലകൾ ആഞ്ഞടിക്കുന്ന വിഴിഞ്ഞം കടലോരത്ത് മറ്റൊരു ചെങ്കടൽ തീർത്ത് ആറായിരത്തിലധികം റെഡ് വോളന്റിയർമാർ അണിനിരന്ന റാലിയോടെ സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനമായി. തീരദേശത്തെ വീഥികളിൽ ചുവന്ന കൊടിയുമായി പ്രവർത്തകരും റെഡ് വോളന്റിയർമാരും അണിനിരന്നപ്പോൾ ചുവന്ന തിരമാലകൾ അലയടിച്ചുയരുന്ന പ്രതീതിയായിരുന്നു. ഓരോ ഏരിയ കമ്മിറ്റിയുടെയും പ്ലക്കാർഡുകൾക്ക് പിന്നിൽ തെയ്യവും ബാൻഡുമേളവും ഉൾപ്പെടെയുള്ള കലാ-വാദ്യമേളങ്ങൾക്ക് പിന്നിലായാണ് റെഡ് വോളന്റിയർമാർ ചുവടുവച്ചത്. ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ഒന്നര കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറിലേറെ വേണ്ടി വന്നു. ഇതിനു പിന്നാലെ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ബഹുജന മാർച്ച് നടന്നു.

വിളപ്പിൽ, വഞ്ചിയൂർ, കിളിമാനൂർ, ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട്, കഴക്കൂട്ടം, മംഗലപുരം, ചാല,നെടുമങ്ങാട് ഉൾപ്പെട്ട 10 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലെത്തിയ റെഡ് വോളന്റയർമാരുടെ മാർച്ചാണ് വിഴിഞ്ഞം തീയേറ്റർ ജങ്ഷനിൽ നിന്നാരംഭിച്ചത്. ഇതേ സമയത്ത് കോവളം, നെയ്യാറ്റിൻകര, പാറശ്ശാല, വെളളറട, കാട്ടാക്കട, വിതുര, നേമം, പേരൂർക്കട, പാളയം ഏരിയ കമ്മിറ്റികളുടെ റെഡ് വോളന്റീയർമാരുടെ മാർച്ച് മുക്കോല ജങ്ഷനിൽ നിന്നുമാരംഭിച്ച് സമ്മേളന വേദിയിലെത്തി. സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, കടകംപളളി സുരേന്ദ്രൻ എം.എൽ.എ, നേതാക്കളായ എം. വിജയകുമാർ.ടി.എൻ.സീമ,സി.എസ്.സുജാത, എസ്. പുഷ്പലത, ഒ.എസ്. അംബിക എം.എൽ.എ, എം,ജി. മീനാംബിക, ജില്ലാ കമ്മിറ്റിയംഗം പി. എസ്. ഹരികുമാർ, ഏരിയാ സെക്രട്ടറി കരിങ്കുളം അജിത്, വണ്ടിത്തടം മധു, പി.രാജേന്ദ്ര കുമാർ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.

ചുവപ്പ് സേനയെ നയിച്ച് മേയർ

ബാലസംഘത്തിലൂടെ പാർട്ടി പ്രവർത്തനത്തിലേക്കെത്തിയ മേയർ ആര്യ രാജേന്ദ്രനായിരുന്നു ഇന്നലെ തിയറ്റർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ചുവപ്പ് സേനയെ നയിച്ചത്. ചാല ഏരിയാ കമ്മിറ്റിയുടെ റെഡ് വോളന്റിയർ പ്ലാറ്റൂണിന്റെ വൈസ് ക്യാപ്ടനായിരുന്നു ആര്യ രാജേന്ദ്രൻ.റെഡ് വോളൻ്റിയർമാരുടെ മുൻനിരയിൽ ചുവന്ന കൊടിയും പിടിച്ച് പരേഡ് ചെയ്ത ആര്യയായിരുന്നു മുഖ്യാകർഷണം.