
പിന്തുടർന്നുവന്ന സിനിമാരീതികളെ പൊളിച്ചെഴുതി സമാന്തര സിനികളുടെ പുതിയ ലോകം സൃഷ്ടിച്ച സംവിധായകനാണ് ശ്യാം ബെനഗൽ. സിനിമയുടെ എല്ലാമേഖലകളിലും കഴിവുള്ള പുതിയ വ്യക്തികളെ കണ്ടെത്തുന്നതിൽ എപ്പോഴും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തി. ശബാന ആസ്മി ഉൾപ്പടെയുള്ള താരങ്ങളെ കണ്ടെത്തിയത് അദ്ദേഹാണ്. ആങ്കുർ എന്ന ചിത്രത്തിലൂടെയാണ് ശബാന ആസ്മിയെ ശ്യാംബെനഗൽ സിനിമാ ലോകത്തിന് പരിചയപ്പെടുത്തുന്നത്. അഭിനേതാക്കൾ മാത്രമല്ല സാങ്കേതിക വിദഗ്ദ്ധരും ഇക്കൂട്ടത്തിൽപ്പെടും. അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമായവരെല്ലാം പിൽക്കാലത്ത് ഉന്നതമായ നിലയിലെത്തി. പരസ്യചിത്രങ്ങളുടെലോകത്തുനിന്ന് സിനിമയിലെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഫോട്ടഗ്രാഫിക് ക്വാളിറ്റി എടുത്തുപറയേണ്ടതാണ്. പ്രവർത്തിച്ച എല്ലാമേഖലയിലും ചിട്ടായായപ്രവർത്തനരീതി ആവിഷ്കരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ബെനഗൽ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി ചെയർമാനായിരിക്കെ ഞാൻ അംഗമായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവകളാണ് അദ്ദേഹം നൽകിയത്.
നാഷണൽ അവാർഡ് ജൂറി ചെയർമാനാരിക്കുമ്പോൾ അതിൽ അംഗമായി പ്രവർത്തിക്കാനും സാധിച്ചു. സിനിമകളെ അങ്ങേയറ്റം സൂക്ഷ്മതയോടെ വിലയിരുത്തി ആരും കാണാത്ത പോരായ്മകൾ ചൂണ്ടിക്കാട്ടി ആർക്കും എതിർക്കാൻ കഴിയാത്തവിധം തന്റെ വിലയിരുത്തലുകൾ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുന്ന വ്യക്തിത്വമായിരുന്നു. അർഹമായ സിനിമകൾക്കുമാത്രമേ അദ്ദേഹം ജൂറി ചെയർമാനായിരിക്കെ അവാർഡ് ലഭിച്ചിട്ടുള്ളൂ. ഒരുതരത്തിലുള്ള സ്വാധീനങ്ങൾക്കും ബെനഗൽ വഴങ്ങിയിരുന്നില്ല. കഴിവുള്ളരെയും മികച്ച കലകളെയും അദ്ദേഹം അംഗീകരിച്ചിരുന്നു. ലണ്ടൻ ഫിലിം ഫെസ്റ്റിവെലിൽ പിറവി എന്ന സിനിമയുമായി ഞാൻ എത്തിയപ്പോൾ അവിടെ ബെനഗലും തന്റെ ചിത്രവുമായി ഉണ്ടായിരുന്നു. എന്നാൽ, പിറവിയുടെ പ്രചാരണത്തിന് എനിക്കും വേണ്ട സഹായങ്ങളെല്ലാം അദ്ദേഹം ചെയ്തു. സ്വാർത്ഥതയില്ലാത്ത ചലച്ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. 20-ാമത് ഐ.എഫ്.എഫ്.കെയിൽ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്നിരുന്നു. കഴിഞ്ഞവർഷത്തെ ഐ.എഫ്.എഫ്.കെയ്ക്കും ക്ഷണിച്ചെങ്കിലും ആരോഗ്യകാരണങ്ങളാൽ വരാൻ കഴിയാത്തതിലെ വിഷമം പങ്കുവച്ച് അദ്ദേഹം എനിക്ക് കത്തും അയച്ചു. കൊവിഡ് കാലത്തിനു മുമ്പ് ഡൽഹി അശോക ഹോട്ടലിൽ ഒരു ദിവസം രാവിലെ ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചതാണ് ഞങ്ങൾ തമ്മിലുള്ള അവസാന കൂടികാഴ്ച. അന്ന് ഷേയ്ഖ് മുജീബ് എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു പാത തുറന്ന ചലച്ചിത്രകാരനെയാണ് ശ്യാംബെനഗലിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്.