
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് സോഫ്‌റ്റ്‌വെയറിലാക്കി, കമ്പ്യൂട്ടർ സ്ക്രീനിൽ തന്നെ മാർക്കിടുന്ന ഓൺസ്ക്രീൻ ഇവാലുവേഷൻ വരുന്നു. കേരള സർവകലാശാലയിൽ അടുത്ത സെമസ്റ്റർ മുതൽ നടപ്പാവും. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ 20സ്കാനിംഗ് യന്ത്രങ്ങളും സോഫ്‌റ്റ്‌വെയറും
സജ്ജമായിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കാം. കേരളയിൽ പരീക്ഷണാടിസ്ഥാനത്തിൽ എം.സി.എ പരീക്ഷയുടെ മൂല്യനിർണയം ഓൺസ്ക്രീനാക്കിയത് വിജയകരമായിരുന്നു.
ഉത്തരക്കടലാസുകൾ പരീക്ഷാ കേന്ദ്രത്തിൽ സ്കാൻ ചെയ്ത് സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. അദ്ധ്യാപകർ ഡിജിറ്റലായി മൂല്യനിർണയം നടത്തും. അദ്ധ്യാപകർക്ക് സൗകര്യപ്രദമായ ഇടങ്ങളിലിരുന്ന് ഏത് സമയത്തും ഉത്തരക്കടലാസുകൾ പരിശോധിക്കാം. പി.ജി പരീക്ഷകൾക്ക് ഇരട്ട മൂല്യനിർണയമുള്ളതിനാൽ രണ്ടും ഒരേ സമയം നടത്താനാവും. രണ്ട് മാർക്കുകളും തമ്മിൽ 20ശതമാനത്തിലേറെ വ്യത്യാസമുണ്ടെങ്കിൽ മൂന്നാം മൂല്യനിർണയമാവാം. നിലവിൽ മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് സർവകലാശാലയിൽ തിരിച്ചെത്തിയ ശേഷമാണ് രണ്ടാം മൂല്യനിർണയത്തിന് അയയ്ക്കുക. ഇതു കാരണം സമയനഷ്ടമേറെയാണ്. ടാബുലേഷനും ഇതിൽത്തന്നെ സാധിക്കും.
ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്യുക, മൂല്യനിർണയം നടത്തേണ്ട സമയം ഷെഡ്യൂൾ ചെയ്യുക, കമ്പ്യൂട്ടർ വഴി മാർക്കിടുക, മാർക്ക് ലിസ്റ്റുകൾ ജനറേറ്റ് ചെയ്യുക എന്നിവയെല്ലാം ഓൺസ്‌ക്രീൻ ഇവാലുവേഷനിലൂടെ സാധിക്കും. കൃത്യത, വേഗം, സുതാര്യത, സങ്കീർണത ഒഴിവാക്കൽ എന്നിവയാണ് പ്രത്യേകതകൾ. ഫേസ് റെക്കഗ്‌നേഷൻ പോലുള്ള സുരക്ഷാ സംവിധാനമുള്ളതിനാൽ അദ്ധ്യാപകരല്ലാതെ മറ്റാർക്കും സ്ക്രീനിൽ മാർക്കിടാനാവില്ല. ഭാവിയിൽ ബിരുദ പരീക്ഷകളിലും നടപ്പാക്കും.
മാർക്കിട്ട പേപ്പർ
കുട്ടിക്കും കാണാം
മാർക്കിട്ട ഉത്തരക്കടലാസ് വിദ്യാർത്ഥിക്കും കാണാൻ സൗകര്യമുണ്ടാവും. അതിനാൽ മൂല്യനിർണയത്തിലെ പിഴവുകൾ കുറയും.
രണ്ട് അദ്ധ്യാപകർ ഒരേസമയം മൂല്യനിർണയം നടത്തുന്നതിനാൽ മാർക്ക് കൂട്ടിയാലോ കുറച്ചാലോ വേഗം കണ്ടെത്താനുമാവും.
ഉത്തരക്കടലാസുകൾ ക്യാമ്പുകളിലേക്കും തിരിച്ചും എത്തിക്കാനുള്ള ചെലവ്, സുരക്ഷാച്ചെലവ് എന്നിവ ഇല്ലാതാവും.
'' ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കാനാവും.''
-പ്രൊഫ. എൻ.ഗോപകുമാർ
പരീക്ഷാ കൺട്രോളർ,
കേരള സർവകലാശാല
കേരള സർവകലാശാല പരീക്ഷാഫലം
എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബികോം, ബി.ബി.എ എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എൽ എൽ.എം പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി ജൂൺ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28, 30, 31 തീയതികളിൽ റീവാല്വേഷൻ വിഭാഗത്തിൽ എത്തണം.
സൈനിക സ്കൂൾ പ്രവേശനം:അപേക്ഷ ജനു.13വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ സൈനിക് സ്കൂൾ പ്രവേശനത്തിന് ജനുവരി 13ന് വൈകിട്ട് 5വരെ www.sainikschooltvm.nic.in അല്ലെങ്കിൽ https://aissee.nta.nic.inൽ അപേക്ഷിക്കാം.
കഴക്കൂട്ടം സൈനിക് സ്കൂളിൽ ആറാം ക്ളാസിലേക്ക് 74ഉം ഒൻപതാം ക്ളാസിലേക്ക് 30 ഉം ആൺകുട്ടികൾക്കാണ് പ്രവേശനം. ആറാം ക്ളാസിലേക്ക് പത്തു പെൺകുട്ടികളെ പ്രവേശിപ്പിക്കും.ആറാം ക്ളാസിലേക്ക് 12ഉം ഒൻപതാം ക്ളാസിലേക്ക് 15ഉം ആണ് പ്രായപരിധി.പ്രവേശന പരീക്ഷ ജനുവരി 19നാണ്.
കേരളത്തിൽ പുതുതായി അംഗീകരിച്ച സൈനിക് സ്കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയുടെ ഒഴിവുകൾ 80 വീതമാണ് (ആറാം ക്ലാസിന് മാത്രം). കോഴക്കോട് വേദവ്യാസ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുകളാണ്.
റാങ്ക്, കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ 27ന് ഉച്ചയ്ക്ക് 2നകം ceekinfo.cee@kerala.gov.in ഇമെയിലിൽ അറിയിക്കണം. ഹെൽപ് ലൈൻ : 0471 2525300.