forest

തിരുവനന്തപുരം: വനാതിർത്തിയിലുള്ള കുടിയേറ്റ കർഷകരെയും വനത്തിലെ ആദിവാസികളെയും വാറണ്ടില്ലാതെ അറസ്റ്റുചെയ്യാനും ദീർഘസമയം കസ്റ്റഡിയിൽ വയ്ക്കാനും താഴെത്തട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുവരെ അധികാരം നൽകുന്ന നിയമഭേദഗതി അതേപടി നടപ്പാക്കില്ല. തെറ്റായി അറസ്റ്റോ, കേസോ ഉണ്ടായെന്ന് ബോദ്ധ്യപ്പെട്ടാൽ ഉത്തരവാദിയായ വനംവകുപ്പ് ഉദ്യോഗസ്ഥന് ആറു മാസം തടവും പിഴയും ചുമത്താമെന്ന നിലവിലെ നിയമം റദ്ദാക്കാനും വ്യവസ്ഥ ചെയ്തിരുന്നു. പ്രതിപക്ഷവും ഭരണപക്ഷത്തെ കേരളകോൺഗ്രസ് എമ്മും സിറോ മലബാർ സഭയും അടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് സർക്കാർ പിന്നാക്കം പോയത്.

കരട് വിജ്ഞാപനം ഇറക്കിയ കേരള ഫോറസ്റ്റ് (ഭേദഗതി) ബിൽ 2024 ആണ് വിവാദമായത്. പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന സമയപരിധി ഒരാഴ്ച കൂടി നീട്ടും. ഡിസംബർ 31 ആയിരുന്നു നേരത്തേ നിശ്ചയിച്ച സമയപരിധി.

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ശക്തമായ സമരം തുടങ്ങുമെന്ന് യു.ഡി.എഫും മുന്നറിയിപ്പ് നൽകിയിരുന്നു.

ഫോറസ്റ്റുകാർക്ക് സർവാധികാരം

വകുപ്പ് 63(2):

 ഫോറസ്റ്റ്ഓഫീസറുടെ കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ അറസ്റ്റ്ചെയ്യാൻ അധികാരം. ഈ അമിതാധികാരം മലയോരകർഷകർക്കും ആദിവാസി ജനവിഭാഗങ്ങൾക്കും തിരിച്ചടിയാവുമെന്നുറപ്പ്.

 വനപാലകർ അറസ്റ്റ് ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിനുള്ള സമയപരിധി എത്ര വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാൻ അനുമതി. സംശയത്തിന്റെ പേരിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യാൻ നിലവിലുള്ള നിയമത്തിൽ ഡി.എഫ്.ഒമാർക്കുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വരെ ലഭ്യമാവും.

വകുപ്പ് 52:
വനം കേസുകളിലെ തൊണ്ടി സാധനങ്ങൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അധികാരം. വനവിഭവങ്ങളെമാത്രം ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെ ഉദ്യോഗസ്ഥർ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും വഴിയൊരുക്കും.

ഭേദഗതിയിലെ കെണികൾ

 സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനാതിർത്തി നിശ്ചയിക്കുന്ന ജണ്ടയിലെ ഒരു കല്ലിളകി വീണാൽപോലും പ്രദേശവാസികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

 സെക്ഷൻ 2 (ബി.എ) പ്രകാരം കേരളത്തിലെ പുഴകളിൽ ഏതുഭാഗത്തുനിന്ന് മീൻപിടിക്കുന്നതും വിലക്കാനും നിയന്ത്രിക്കാനും അധികാരം.

 സെക്ഷൻ (52) പ്രകാരം കുറ്റത്തിലേർപ്പെട്ടുവെന്ന് സംശയം ഉന്നയിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ആരുടെയും വീട്, വാഹനം, സ്ഥലം എന്നിവ വാറണ്ടില്ലാതെ പരിശോധിക്കാൻ അധികാരം

'കരട് പ്രസിദ്ധീകരിച്ചതുതന്നെ അഭിപ്രായം അറിയാനാണ്. നിയമസഭയിൽ ബിൽ കൊണ്ടുവരാനുളള അനുമതി മാത്രമാണ് മന്ത്രിസഭ തന്നത്. നിയമസഭയിൽ അവതരിപ്പിച്ച്, സബ്ജക്ട് കമ്മിറ്റിക്ക് പോയി അതിന്റെ സ്ക്രൂട്ടണി കഴിയണം. ഇതിനിടെ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.ആ ഭേദഗതികൾ പരിഗണിക്കും. മന്ത്രിക്ക് തന്നെ ഔദ്യോഗിക ഭേദഗതി കൊണ്ടുവരാം".

-എ.കെ.ശശീന്ദ്രൻ, വനംവകുപ്പ് മന്ത്രി