318 കോടിയുടെ ഓവർബ്രിഡ്ജുകളുടെ നിർമ്മാണം ഉടൻ
തിരുവനന്തപുരം: 2026ലെ ന്യൂ ഈയർ സമ്മാനമായി തലസ്ഥാനത്തിന് രണ്ട് ഫ്ലൈഓവറുകൾ പ്രതീക്ഷിക്കാം. കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പട്ടം,ശ്രീകാര്യം ഓവർബ്രിഡ്ജുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി. മെട്രോയാണോ,ലൈറ്റ് മെട്രോയാണോ നടപ്പിലാക്കുന്നതെന്ന് സർക്കാർ തീരുമാനിച്ച് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനിൽ അലൈൻമെന്റ് സമർപ്പിച്ച് അംഗീകാരമാകുന്നതോടെ ഫ്ലൈ ഓവർ നിർമ്മാണത്തിന് ആരംഭമാകും. പട്ടം ഓവർബ്രിഡ്ജ് സ്ഥലമേറ്റെടുപ്പിനായി ഇതുവരെ 16.46 കോടി രൂപ ചെലവഴിച്ചതായി അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. ഓവർബ്രിഡ്ജിന്റെ അന്തിമ ഡിസൈൻ തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
മെട്രോ,ലൈറ്റ് മെട്രോ പദ്ധതികളിൽ ഏതെങ്കിലും എന്നാകും സർക്കാർ തിരഞ്ഞെടുക്കുക. ഇതിനനുസരിച്ച് അലൈൻമെന്റിലും മാറ്റങ്ങളുണ്ടാകും. ഫ്ലൈഓവർ യാഥാർത്ഥ്യമാകുന്നതോടെ പട്ടം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.
പട്ടം ഓവർബ്രിഡ്ജ്
138 കോടിയുടെ കിഫ്ബി പദ്ധതി
പട്ടം പി.എസ്.സി ഓഫീസിന് സമീപത്ത് നിന്ന് തുടങ്ങി പ്ലാമൂട് വൺവേ വരെ
അന്തിമ ഡിസൈൻ അംഗീകാരത്തിന് കൊച്ചി റെയിൽ കോർപ്പറേഷന്റെ പരിഗണനയിൽ
ശ്രീകാര്യം ഓവർബ്രിഡ്ജ്
പദ്ധതിച്ചെലവ് - 180 കോടി
നിർമ്മാണോദ്ഘാടനം ജനുവരിയിൽ മുഖ്യമന്ത്രി നിർവഹിക്കും
പദ്ധതിക്കായി ഏറ്റെടുത്തത് - 1.34 ഹെക്ടർ
4 വരി ഫ്ലൈഓവർ
535 മീറ്റർ നീളവും 15 മീറ്റർ വീതിയും
2026 ജൂണിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല
കരാർ പ്രകാരം ഒന്നരവർഷമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഒരുവർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ശ്രമം. ശ്രീകാര്യം മുസ്ലിം പള്ളിക്കു സമീപം മുതൽ കല്ലമ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് വരെയാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്.