
നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം എന്നാണ് തദ്ദേശ വകുപ്പ് പറയുന്നത്. അപ്പോൾ കേരളത്തിന്റെ മാലിന്യം തമിഴ്‌നാട്ടിൽ കൊണ്ടുപോയി തള്ളുന്നത് ആരുടെ ഉത്തരവാദിത്വത്തിൽ വരും? കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളത്തിന്റെ അതിർത്തിക്കു സമീപമുള്ള തിരുനെൽവേലി ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും ജലാശയങ്ങളിലുമായാണ് കേരളത്തിൽ നിന്നുള്ള ലോഡുകണക്കിന് മാലിന്യം തള്ളിയത്. മാലിന്യ സംസ്കരണം ഏറ്റെടുത്ത ചില സ്വകാര്യ കമ്പനികളാണ് ഇങ്ങനെ ചെയ്തതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാലിന്യം മാറ്റിയില്ലെങ്കിൽ ലോറിയിൽ കയറ്റി അത് കേരളത്തിലെത്തിച്ച് നിക്ഷേപിക്കുമെന്ന് തിരുനെൽവേലിയിലെ രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് ഭാരവാഹികളും ഭീഷണി മുഴക്കിയിരുന്നു. എന്തായാലും ആ മാലിന്യം അവിടെനിന്ന് കേരളം പൂർണമായും നീക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുനെൽവേലിയിലെ മൂന്ന് ഗ്രാമങ്ങളിൽ നിക്ഷേപിച്ചിരുന്ന മാലിന്യം 11 ലോറികളിലായി മാറ്റിയതോടെ മാലിന്യനീക്കം പൂർണമായി. മൊത്തം 30 ലോറികളിലായി 300 ടൺ മാലിന്യം നീക്കിയെന്നാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ രണ്ടുദിവസമായി ക്ളീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് തിരുനെൽവേലിയിലെ ഗ്രാമങ്ങളിൽ കേരള ഏജൻസികൾ തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കിയത്. ആ സ്ഥലങ്ങൾ തമിഴ്‌നാട് ആരോഗ്യവകുപ്പ് അവരുടെ ചെലവിൽ ശുചീകരിക്കുകയും ചെയ്തു. തിരുനെൽവേലിയിൽ തള്ളിയ മാലിന്യത്തിൽ ഏറിയ കൂറും ആശുപത്രി വേസ്റ്റായിരുന്നു. മനുഷ്യ ശരീരഭാഗങ്ങൾ വരെ ഇതിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, ഉപയോഗിച്ച സിറിഞ്ച്, മരുന്നു കുപ്പികൾ, സ്പോഞ്ച്, മാസ്‌ക്, കൈയുറകൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ആശുപത്രി രേഖകളും ഉപേക്ഷിച്ചവയിൽ ഉൾപ്പെട്ടിരുന്നു. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാലു പേർ അറസ്റ്റിലായിട്ടുണ്ട്. നാലുപേരും തമിഴ്‌നാട് സ്വദേശികളാണ്.
തിരുനെൽവേലിയിലെ പേപ്പർമില്ലുകളിൽ നിന്ന് കേരളത്തിലേക്കു വരുന്ന ലോറികൾ മടങ്ങിപ്പോകുമ്പോൾ വലിയ തുക കൈപ്പറ്റി മെഡിക്കൽ മാലിന്യം ശേഖരിച്ച് തമിഴ്നാട്ടിൽ തള്ളുന്നുവെന്നാണ് അവിടത്തെ പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. ആർ.സി.സിയുടെ മാലിന്യമാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ ആരോ വ്യാജ ആരോപണം ഉയർത്തിയതിന് വാർത്താക്കുറിപ്പിലൂടെ ആർ.സി.സി മറുപടി നൽകിയിരുന്നു. ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ.സി.സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ബയോകെമിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്നതായിരുന്നു ആർ.സി.സിയുടെ കുറിപ്പ്. അപ്പോൾപ്പിന്നെ സ്വകാര്യ ആശുപത്രികളുടെ മാലിന്യമാണോ അവിടെ കൊണ്ടുപോയി തള്ളിയതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്.
ആശുപത്രി നടത്തുന്നവർക്ക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ബാദ്ധ്യത ഉറപ്പാക്കാൻ സർക്കാരിനു കഴിയണം. അന്യസംസ്ഥാനങ്ങളിൽ മാലിന്യം തള്ളിയ സംഭവം ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന് ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. ഇതിന്, മാലിന്യം കൈകാര്യം ചെയ്യാനും സംസ്കരിക്കാനുമുള്ള ചട്ടങ്ങൾ കർശനമായി നടപ്പാക്കണം. നമ്മുടെ മാലിന്യം നിർമ്മാർജ്ജനം ചെയ്യാനുള്ള പ്ളാന്റുകൾ ഉൾപ്പെടെയുള്ള സൗകര്യം ഇവിടെ ഒരുക്കാൻ സർക്കാരിനാവണം. അതുപോലെ തന്നെ, സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും സംസ്കരിക്കുന്നതും നിരീക്ഷിക്കാനും സർക്കാരിനു കഴിയണം. ബ്രഹ്മപുരം പുകഞ്ഞതിനു ശേഷം അവിടെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്ളാന്റ് ഇപ്പോൾ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞു. വേണമെന്നു വിചാരിച്ചാൽ ഇതുപോലെ മറ്റു സ്ഥലങ്ങളിലും ചെറിയ പ്ലാന്റുകൾ സ്ഥാപിക്കാനാവും. നമ്മുടെ മാലിന്യം നമ്മുടെ തന്നെ ഉത്തരവാദിത്വമാണെന്നത് പ്രവൃത്തിയിലും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.