പള്ളിക്കൽ: കെ.എസ്.ഇ.ബി പോസ്റ്റുകളിൽ വാഹനമിടിച്ചുണ്ടാകുന്ന അപകടങ്ങൾ പള്ളിക്കൽ മടവൂർ മേഖലകളിൽ നിത്യസംഭവമായി മാറി. കഴിഞ്ഞദിവസം മാത്രം രണ്ട് അപകടങ്ങളാണുണ്ടായത്. ടാർ ഭാഗത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതിത്തൂണുകളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്.അശാസ്ത്രീയമായി നിൽക്കുന്ന പോസ്റ്റുകളിൽ വാഹനമിടിച്ചാൽ പൂർവ്വസ്ഥിതിയിലാക്കാൻ ഇരുപതിനായിരം രൂപയോളം വാഹനഉടമയിൽ നിന്ന് കെ.എസ്.ഇ.ബി ഈടാക്കുന്നു.പലപ്പോഴും തലനാരിഴയ്ക്ക് വൈദ്യുതിക്കമ്പികൾ പൊട്ടിവീഴാത്തതിനാൽ വൻദുരന്തം ഒഴിവാകുന്നതായി സമീപവാസികൾ പറയുന്നു. രാത്രികാലങ്ങളിലെ അപകടങ്ങളും നിരവധിയാണ്.പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പള്ളിക്കൽ-നിലമേൽ, പള്ളിക്കൽ മടവൂർ റോഡുകൾക്കും ചില പഞ്ചായത്ത് റോഡുകൾക്കുമാണ് ഈ ദുർഗതി.പാതയോരത്ത് ടാർചെയ്ത ഭാഗത്തോട് ചേർന്നുള്ള പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് സുരക്ഷിതയാത്ര ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. വൈദ്യുതി തൂണുകളില്ലാത്ത സ്ഥലങ്ങളിൽ വാട്ടർഅതോറിട്ടിയുടെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.റോഡ് വികസനം കെ.എസ്.ഇ.ബി,ജലവൈദ്യുതവകുപ്പുകൾ അറിഞ്ഞമട്ടില്ല.വീതികൂട്ടിയ പാതയിൽ ടാർചെയ്ത് ഉദ്ഘാടനം ചെയ്യുന്ന പതിവ് രീതിമാറ്റി,സഞ്ചാരസുരക്ഷ പരിശോധിച്ച് യാത്രയ്ക്ക് അനുമതി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുതുതായി സ്ഥാപിക്കുന്ന പോസ്റ്റുകൾപോലും അശാസ്ത്രീയമായ നിലയിലാണെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെടുമ്പോൾ സ്ഥലത്തെ പരിമിതികൾ മനസിലാക്കിയാണ് പോസ്റ്റുകൾ സ്ഥാപിക്കുന്നതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നു.വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടാകുന്ന അപകടങ്ങളിപ്പോൾ തുടർക്കഥയാവുകയാണ്.അപകടകരമായ നിലയിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് പള്ളിക്കൽ കോൺഗ്രസ് മണ്ഡലംകമ്മിറ്റി ട്രഷറർ ഷാജിമാന്താനം ആവശ്യപ്പെട്ടു.