vajpayee-

ഡിസംബർ 25 നമുക്കെല്ലാവർക്കും വളരെ സവിശേഷമായ ദിവസമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികം (ജനനം 1924)​ രാഷ്ട്രം ആഘോഷിക്കുകയാണ്. എണ്ണമറ്റ വ്യക്തികളെ എന്നും പ്രചോദിപ്പിക്കുന്ന രാഷ്ട്രതന്ത്രജ്ഞനായി അദ്ദേഹം ഇന്നും നിറഞ്ഞു നിൽക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന്റെ ശില്പിയായതിന് നമ്മുടെ രാജ്യം, എപ്പോഴും അടൽജിയോട് കടപ്പെട്ടിരിക്കും. 1998-ൽ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നമ്മുടെ രാജ്യം രാഷ്ട്രീയ അസ്ഥിരതയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു.

ഏകദേശം ഒൻപതു വർഷത്തിനിടെ നാം നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് സാക്ഷിയായി. ഇന്ത്യയിലെ ജനങ്ങൾ അക്ഷമരാവുകയും ഗവൺമെന്റുകളുടെ പ്രകടനങ്ങളെക്കുറിച്ച് സംശയിക്കുകയും ചെയ്തു. സുസ്ഥിരവും ഫലപ്രദവുമായ ഭരണം നൽകി ഈ ചാഞ്ചാട്ടം അവസാനിപ്പിച്ചത് അടൽജിയാണ്. എളിയ പശ്ചാത്തലത്തിൽ നിന്നുവന്ന അദ്ദേഹം സാധാരണ പൗരന്റെ പോരാട്ടങ്ങളും ഫലപ്രദമായ ഭരണത്തിന്റെ പരിവർത്തന ശക്തിയും തിരിച്ചറിഞ്ഞു. നമുക്കു ചുറ്റുമുള്ള പല മേഖലകളിലും അടൽജിയുടെ നേതൃത്വത്തിന്റെ ദീർഘകാല സ്വാധീനം കാണാൻ കഴിയും. ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം, കമ്മ്യൂണിക്കേഷൻസ് എന്നീ രംഗങ്ങളിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വൻ കുതിച്ചുചാട്ടം തന്നെയുണ്ടായി.

വളരെ ചലനാത്മകമായ യുവശക്തിയാൽ അനുഗൃഹീതമായ, നമ്മുടേതുപോലുള്ള ഒരു രാജ്യത്തിന് ഈ കുതിച്ചുചാട്ടം വളരെ പ്രധാനമായിരുന്നു. അടൽജിയുടെ കീഴിലുള്ള എൻ.ഡി.എ സർക്കാർ, സാധാരണ പൗരന്മാർക്ക് സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള ഗൗരവമായ ശ്രമങ്ങൾ ആദ്യമായി നടത്തി. അതേസമയം, ഇന്ത്യയിലെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളിൽ അദ്ദേഹത്തിന് ദീർഘവീക്ഷണമുണ്ടായിരുന്നു. ഇന്ത്യയെ ബന്ധിപ്പിച്ച ഗോൾഡൻ ക്വാഡ്രിലാറ്ററൽ പദ്ധതി ഇന്നും മിക്കവരും ഓർക്കുന്നു. സാമൂഹിക മേഖലയുടെ കാര്യം വരുമ്പോൾ, രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആധുനിക വിദ്യാഭ്യാസം പ്രാപ്യമായ ഇന്ത്യ കെട്ടിപ്പടുക്കാൻ അടൽജി സ്വപ്നം കണ്ടത് എങ്ങനെയെന്ന് സർവശിക്ഷാ അഭിയാൻ പോലുള്ള സംരംഭങ്ങൾ എടുത്തുകാണിക്കുന്നു. അതേസമയം, അദ്ദേഹത്തിന്റെ സർക്കാർ നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി. അത് പതിറ്റാണ്ടുകൾ നീണ്ട സ്വജന പക്ഷപാതത്തെയും സാമ്പത്തിക സ്തംഭനാവസ്ഥയെയും തകർത്തുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക കുതിച്ചുചാട്ടത്തിന് കളമൊരുക്കി.

ലോകത്തിനുള്ള

ആ സന്ദേശം

1998-ലെ വേനൽക്കാലം വാജ്‌പേയിയുടെ നേതൃത്വത്തിന് ഒരു അത്ഭുതകരമായ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ സർക്കാർ അധികാരമേറ്റപ്പോൾ മേയ് 11-ന് 'ഓപ്പറേഷൻ ശക്തി" എന്നറിയപ്പെടുന്ന പൊഖ്‌റാൻ പരീക്ഷണം ഇന്ത്യ നടത്തി. ഈ പരീക്ഷണം ഇന്ത്യയുടെ ശാസ്ത്ര സമൂഹത്തിന്റെ മികവിന് ഉദാഹരണമായിരുന്നു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിൽ ലോകം അമ്പരക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ ഏതൊരു സാധാരണ നേതാവും ആ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുമായിരുന്നു. എന്നാൽ അടൽജി സർക്കാർ മേയ് 13 ന് മറ്റൊരു പരീക്ഷണത്തിന് ആഹ്വാനം ചെയ്യുകയും രാജ്യം അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു!

11-ലെ ആണവ പരീക്ഷണം ശാസ്ത്രീയ വൈദഗ്ദ്ധ്യം പ്രകടമാക്കിയെങ്കിൽ അടുത്ത പരീക്ഷണം യഥാർത്ഥ നേതൃപാടവം പ്രതിഫലിപ്പിച്ചു. ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി ഇന്ത്യ അടിയറവു പറഞ്ഞ നാളുകൾ കഴിഞ്ഞുപോയെന്ന് ലോകത്തിനുള്ള സന്ദേശമായിരുന്നു അത്. അന്താരാഷ്‌ട്ര ഉപരോധങ്ങൾ നേരിടേണ്ടി വന്നിട്ടും, വാജ്‌പേയിയുടെ അന്നത്തെ എൻ.ഡി.എ സർക്കാർ ഉറച്ചുനിന്നു. പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ അവകാശം വ്യക്തമാക്കിക്കൊണ്ട്, അതേസമയം ലോകസമാധാനത്തിന്റെ ഏറ്റവും ശക്തമായ വക്താവായി ഇന്ത്യ നിലകൊണ്ടു.

അടൽജി, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും അതിനെ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കിയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സഖ്യങ്ങളെ പുനർനിർവചിച്ച എൻ.ഡി.എ രൂപീകരണത്തിന് അടൽജി അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് എൻ.ഡി.എയെ വികസനത്തിനും ദേശീയ പുരോഗതിക്കും പ്രാദേശിക അഭിലാഷങ്ങൾക്കുമുള്ള ശക്തിയാക്കി. രാഷ്ട്രീയ യാത്രയിലുടനീളം അദ്ദേഹത്തിന്റെ പാർലമെന്ററി പ്രഭാവം പ്രകടമായിരുന്നു. വിരലിലെണ്ണാവുന്ന എം.പിമാരുള്ള ഒരു പാർട്ടിയിൽ ഉൾപ്പെട്ടയാളായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ,​ അക്കാലത്തെ സർവശക്തിയുമായിരുന്ന കോൺഗ്രസ് പാർട്ടിയുടെ കരുത്തിനെ ഉലയ്ക്കാൻ പര്യാപ്തമായിരുന്നു.

കവി,​ കലാകാരൻ,​

എഴുത്തുകാരൻ

പ്രധാനമന്ത്രി എന്ന നിലയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ അദ്ദേഹം സ്വതസിദ്ധമായ ശൈലിയും പ്രവർത്തനരീതിയുംകൊണ്ട് നേരിട്ടു. ഏറക്കുറെ പ്രതിപക്ഷ ബഞ്ചുകളിൽ ചെലവഴിക്കപ്പെട്ട ഒരു സേവനകാലമായിരുന്നു അടൽജിയുടേത്. അദ്ദേഹത്തെ രാജ്യദ്രോഹി എന്നുവിളിക്കുന്ന അധഃപതനത്തിലേക്ക് കോൺഗ്രസ് കൂപ്പുകുത്തിയെങ്കിലും ആരോടും അദ്ദേഹത്തിന് ഒരു നീരസവും ഉണ്ടായിരുന്നില്ല. അവസരവാദ മാർഗങ്ങളിലൂടെ അധികാരത്തിൽ മുറുകെപ്പിടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. കുതിരക്കച്ചവടത്തിന്റെയും തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെയും പാത പിന്തുടരുന്നതിനു പകരം 1996-ൽ രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു.

1999-ൽ അദ്ദേഹത്തിന്റെ ഗവൺമെന്റ് ഒരു വോട്ടിന് പരാജയപ്പെട്ടു. അന്നു നടക്കുന്ന അധാർമ്മിക രാഷ്ട്രീയത്തെ വെല്ലുവിളിക്കാൻ പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും നിയമങ്ങൾക്കനുസൃതമായി പോകാൻ അദ്ദേഹം താല്പര്യം കാണിച്ചു. ഒടുവിൽ, ശക്തമായ ജനവിധിയുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും അടൽജി തലയുയർത്തി നിന്നു.

ഇന്ത്യൻ സംസ്കാരത്തിൽ അദ്ദേഹം എത്രമാത്രം ആഴത്തിൽ വേരൂന്നിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ ശേഷം, ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യൻ നേതാവായി അദ്ദേഹം മാറി. ഇത് ഇന്ത്യയുടെ പൈതൃകത്തിലും സ്വത്വത്തിലുമുള്ള അദ്ദേഹത്തിന്റെ അപാരമായ അഭിമാനം പ്രകടമാക്കി. കാന്തിക സ്വഭാവമുള്ളതായിരുന്നു ആ വ്യക്തിത്വം. അടൽജിയുടെ ജീവിതം സാഹിത്യത്തോടും കലകളോടുമുള്ള അഭിനിവേശത്താൽ സമ്പന്നമായിരുന്നു. പ്രഗത്ഭനായ ഒരു എഴുത്തുകാരനും കവിയുമായിരുന്ന അദ്ദേഹം, പ്രചോദനം പകരാനും,​ ചിന്തയെ ഉണർത്താനും, ആശ്വാസം നൽകാനുമെല്ലാം വാക്കുകളെ ഉപയോഗിച്ചു.

അടൽജിയെപ്പോലുള്ള ഒരാളെ പഠിക്കാനും അദ്ദേഹവുമായി ഇടപഴകുവാനും കഴിഞ്ഞത് എന്നെപ്പോലുള്ള നിരവധി ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ ഭാഗ്യമായി കരുതുന്നു. എൽ.കെ. അദ്വാനി , ഡോ. മുരളി മനോഹർ ജോഷി തുടങ്ങിയ അതികായർക്കൊപ്പം പാർട്ടിയെ അതിന്റെ രൂപീകരണ കാലം മുതൽ വെല്ലുവിളികളിലൂടെയും തിരിച്ചടികളിലൂടെയും വിജയങ്ങളിലൂടെയും അദ്ദേഹം വളർത്തിയെടുത്തു. പ്രത്യയശാസ്ത്രമോ അധികാരമോ എന്ന തിരഞ്ഞെടുപ്പ് വേണ്ടിവരുമ്പോഴെല്ലാം അദ്ദേഹം പ്രത്യശാസ്ത്രത്തിനൊപ്പം നിന്നു. കോൺഗ്രസ് അല്ലാതെ ഒരു ബദൽ ലോകവീക്ഷണം സാദ്ധ്യമാണെന്നും അത്തരമൊരു വീക്ഷണം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും രാജ്യത്തെ ബോദ്ധ്യപ്പെടുത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അടൽജിയുടെ നൂറാം ജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കാനും ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് നിറവേറ്റാനും നമുക്ക് സ്വയം സമർപ്പിക്കാം.