ai

സാങ്കേതികവിദ്യയിൽ അസംഘ്യം വികാസങ്ങളുണ്ടായ വർഷമാണ് 2024. നിർമ്മിതബുദ്ധി (എ.ഐ) സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. ഓപ്പൺ എ.ഐ,ഗൂഗിൾ തുടങ്ങിയവർ എ.ഐ ടൂളുകൾ വികസിപ്പിക്കുകയും കർമ്മമേഖലയിലെ പ്രവർത്തനശേഷിയും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്തു. സുസ്ഥിര ഊർജ്ജ മേഖലകളിൽ ഗൂഗിൾ അടക്കമുള്ള കമ്പനികൾ നടത്തിയ നിക്ഷേപം സാങ്കേതികരംഗത്തിന്റെ കുതിപ്പിലേക്കാണ് വിരൽചൂണ്ടുന്നത്.

സാറ്റ്ലൈറ്റിലൂടെയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ഈ വർഷം കണ്ട വലിയൊരു ചുവടുവയ്പ്. ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിലൂടെ വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുക എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടുന്നു. ആരോഗ്യരംഗത്തും വിപ്ലവാത്മകമായ മാറ്റങ്ങൾ സാങ്കേതികവിദ്യ സൃഷ്ടിച്ചു. ആപ്പിൾ,ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ ഡിവൈസുകളിൽ ഹെൽത്ത് മോണിറ്ററിംഗ് സൗകര്യങ്ങൾ കൊണ്ടുവന്നു. ഇത് മരുന്നുഗവേഷണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിർമ്മിതബുദ്ധി എത്തിയതോടെ മരുന്നുകൾ വികസിപ്പിക്കുന്നത് എളുപ്പമായി. അതേസമയം,വരും വർഷങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾക്ക് അടിത്തറപാകിയാണ് ഈ വർഷം അവസാനിക്കുന്നത്.

കുതിപ്പിനൊപ്പം

കമ്പനികളും

ഐ.ടി അല്ലാത്ത കമ്പനികൾ പോലും നൂതനമായ സാങ്കേതികവിദ്യകളും നിർമ്മിതബുദ്ധിയും പ്രവർത്തനമികവ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്. കോ‌ഡിംഗ് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. നിലവിലുള്ള ജീവനക്കാരെ കമ്പനികൾ ഇത് പരിശീലിപ്പിക്കും. കോപ്പൈലറ്റ് പോലുള്ള എ.ഐ ടൂളുകൾ സങ്കീർണമായ ജോലികൾ ചെയ്യുന്നതിലുള്ള സമയം ലഘൂകരിക്കുന്നതിനുള്ള ഉദാഹരണമാണ്. കോഡുകൾ വികസിപ്പിക്കുമ്പോൾ തന്നെ അത് ശരിയാണോ എന്ന് ഇത്തരം ടൂളുകൾ ഉറപ്പുവരുത്തും. അതേസമയം,ഒരേ ബഡ്ജറ്റിൽ തന്നെ എ.ഐ ഉപയോഗിക്കാൻ അറിയുന്ന കമ്പനികൾ കൂടുതൽ വിജയം കൊയ്യും.

ആശങ്കകളും

2024ൽ ഏറ്രവും കൂടുതൽ പേർക്ക് വന്ന ഭയം എ.ഐയിലൂടെ തൊഴിൽ നഷ്ടമാകുമോ എന്നാണ്. പണ്ട് കമ്പ്യൂട്ടർ കണ്ടുപിടിച്ചപ്പോൾ ജോലി നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു. എന്നാൽ കമ്പ്യൂട്ടറുകൾ അനേകായിരം അവസരങ്ങളാണ് തന്നത്. അത് ഉപയോഗിക്കാൻ അറിയാത്തവരാണ് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയത്. ഇതുപോലെ തന്നെയാണ് നിർമ്മിതബുദ്ധിയും. എ.ഐ ഒരിക്കലും തൊഴിൽ കളയില്ല. എ.ഐ നന്നായി ഉപയോഗിക്കാൻ അറിയുന്നവർ കാരണം ചിലപ്പോൾ എ.ഐ ഉപയോഗിക്കാൻ മടി കാണിക്കുന്നവർക്ക് തൊഴിൽ നഷ്ടമായേക്കാം.

സമസ്ത മേഖലയിലും എ.ഐ കടന്നുകയറിയത് സാധാരണക്കാരുടെ സ്വകാര്യതയ്ക്കും വെല്ലുവിളിയാകുന്നു. എന്നാൽ ആഗോള തലത്തിൽ ഇതിന് ധാരാളം മാനദണ്ഡങ്ങളുണ്ട്. ഇവയുടെ നടപ്പാക്കൽ കാര്യക്ഷമമാക്കേണ്ടി വരും. നിർമ്മിതബുദ്ധി ഉപയോഗിച്ച് ധാരാളം കുറ്റകൃത്യങ്ങളും നടന്ന വർഷമാണിത്. വെർച്വൽ അറസ്റ്റ് രാജ്യത്താകെ ഭീതി പടർത്തി. സൈബർ കുറ്റകൃത്യങ്ങൾ തടയാനും നിർമ്മിതിബുദ്ധി ഉപയോഗിക്കാം. ഒരു വീഡിയോ നൽകിയാൽ ഇത് നിർമ്മിതബുദ്ധിയാൽ സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കാൻ സോഫ്റ്റ്‌വെയറുകളുണ്ട്. ഒരു നമ്പർ വരുമ്പോൾ അത് വ്യാജമാണോ എന്ന് കണ്ടെത്താൻ സംവിധാനങ്ങളുണ്ട്. എന്നാൽ,സൈബർ കുറ്റകൃത്യങ്ങൾ നടന്ന ശേഷമാണ് പലപ്പോഴും നാം പ്രതികരിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി കുറ്റകൃത്യം നടക്കുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കാനാകണം. സ്വകാര്യതയെ സംരക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണം.

പ്രതീക്ഷയുടെ 2025

ഏത് സാങ്കേതികവിദ്യ വന്നാലും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവരുമുണ്ട്. അത് തടയുന്നതിനുള്ള വർഷമാകണം 2025. ഓട്ടോണമസ് ഡിസിഷൻ മേക്കിംഗിലുള്ള നിർമ്മിതബുദ്ധിയുടെ ചുവടുവയ്പിനാണ് അടുത്തവർഷം സാക്ഷിയാകുന്നത്. സങ്കീർണമായ ജോലികൾ ഓട്ടോമേറ്റ‌ഡാവും. ക്വാണ്ടം കമ്പ്യൂട്ടിംഗിലും സൈബർ സുരക്ഷയിലും വലിയ മാറ്റങ്ങൾ വരും. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും നിർമ്മിതബുദ്ധി സഹായിക്കും. ചാറ്റ് ജി.പി.ടി പോലുള്ള ടൂളുകൾ ഉപയോഗിക്കുമ്പോൾ ശരിയായ പ്രോംപ്റ്റ് കൊടുത്താൽ മാത്രമേ ഫലം കൃത്യമാകൂ. ഇത്തരത്തിൽ മനുഷ്യന്റെ ബുദ്ധിയും മെഷീന്റെ പ്രവർത്തനവും സംയോജിപ്പിക്കുന്നതിലൂടെ തീരുമാനങ്ങൾ വേഗത്തിലെടുക്കാനാവും. വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ വരും. ഇത്തരം ടൂളുകളുടെ നല്ല വശങ്ങൾ ഉപയോഗിക്കാൻ അദ്ധ്യാപകർ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. 5ജിയിൽ നിന്ന് 6ജിയിലേക്കുള്ള മാറ്റത്തിനും 2025 സാക്ഷിയാകും. മനുഷ്യൻ ചിന്തിക്കുന്ന രീതിയിൽ പോലും പരിവർത്തനങ്ങൾ നടക്കുമെന്ന് പറഞ്ഞാലും തെറ്റില്ല.

(ലേഖകൻ ടെക്നോപാർക്ക് സ്ഥാപകൻ)