
തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയന് ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് അറിയിച്ചിരുന്നതായി ഡി.ജി.പിക്ക് മൊഴി നൽകിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ വിജയൻ കോടതിയെ സമീപിച്ചേക്കും.ഇതിന് ഉടൻ സർക്കാരിന്റെ അനുമതി തേടും. നിലവിൽ ഇന്റലിജൻസ് മേധാവിയാണ് വിജയൻ.
വിജയനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് സുജിത് ദാസ് വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് അജിത്തിനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുൻപ് വിജയൻ ഡി.ജി.പിക്ക് പരാതി നൽകി. അത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർനടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്.
സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ, കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിജയൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പി.വി. അൻവർ എം.എൽ.എയുടെ പരാതിയിൽ ഡി.ജി.പി നടത്തിയ അന്വേഷണത്തിലാണ് വിജയനെതിരെ അജിത്കുമാർ മൊഴി ഒപ്പിട്ടുനൽകിയത്.
ചില ഉന്നത പൊലീസുദ്യോഗസ്ഥർ, കീഴുദ്യോഗസ്ഥർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് അജിത്ത് മൊഴികൊടുത്തത്. പിടിച്ചെടുക്കുന്ന സ്വർണം കസ്റ്റംസിന് കൈമാറണമെന്ന് കണ്ണൂർ മുൻ ഡി.ഐ.ജി നിർദ്ദേശിച്ചെന്നും മൊഴിയിലുണ്ടായിരുന്നു. ഇതും സുജിത്ത്ദാസ് നിഷേധിച്ചു.