p

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ 375 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. നഴ്സിംഗ് അസിസ്റ്റന്റ്, ക്ലർക്ക്, ഫാർമസിസ്റ്റ്, യു.ഡി ടൈപ്പിസ്റ്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഹൗസ് കീപ്പർ തസ്തികകളിൽ ഉള്ളവരാണിവർ. 3000 മുതൽ 60,000 രൂപ വരെ കൈപ്പറ്റിയവരുണ്ട്.

കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം. കൂടാതെ,​ വകുപ്പുതല അച്ചടക്ക നടപടിയും സ്വീകരിക്കും. ജീവനക്കാരുടെ പേര്, പെൻ (പെർമനന്റ് എംപ്ലോയി നമ്പർ), കൈപ്പറ്റിയ തുക, തസ്തിക എന്നിയവയടക്കം പ്രസിദ്ധീകരിച്ചു.

വിവിധ വകുപ്പുകളിലായി 1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ കൃഷി വകുപ്പ് സസ്‌പെൻഡ് ചെയ്തു. പൊതുഭരണവകുപ്പിലെ ആറു സ്വീപ്പർമാർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ഇവരെ പിരിച്ചുവിടണമെന്ന പൊതുഭരണ സെക്രട്ടറിയുടെ ശുപാർശ സർക്കാരിന് മുന്നിലുണ്ട്.

അതേസമയം,​ ക്ഷേമ പെൻഷൻ വാങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ ഇനിയും തൊട്ടിട്ടില്ല. ക്ഷേമപെൻഷൻ വാങ്ങിയവരിൽ ഭൂരിഭാഗവും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലുള്ളവരാണ്.