
തിരുവനന്തപുരം: പൊലീസിൽ ഉന്നതതല അഴിച്ചു പണി ഉടൻ. ജനുവരി ഒന്നിന് രണ്ട് ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും 4 എസ്.പിമാർക്ക് ഡി.ഐ.ജിമാരായും 5 പേർക്ക് എസ്.പിമാരായും സ്ഥാനക്കയറ്റം ലഭിക്കും. ഇവരെ പുതിയ തസ്തികകളിൽ നിയമിക്കും.
2000 ബാച്ചിലെ തരുൺകുമാറിന് എ.ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതാണ്. പക്ഷേ അദ്ദേഹം കേന്ദ്രഡെപ്യൂട്ടേഷനിലാണ്. 2007 ബാച്ചിലെ ദേബേഷ്‌കുമാർ ബഹ്റ, ഉമാ ബെഹറ, രാജ്പാൽമീണ, ജെ.ജയനാഥ് എന്നിവരെ ഐ.ജിമാരാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിൽ ദേബേഷ്‌കുമാറും ഉമയും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഡി.ഐ.ജി പദവിയിലേക്ക് 2011 ബാച്ചിലെ യതീഷ് ചന്ദ്ര, ഹരി ശങ്കർ, കെ. കാർത്തിക് , പ്രതീഷ്‌കുമാർ, ടി. നാരായണൻ എന്നിവരെ പരിഗണിക്കും. പ്രതീഷ്‌കുമാർ ഡെപ്യൂട്ടേഷനിലാണ്.
ഏതാനും ജില്ലാ പൊലീസ് മേധാവിമാർക്കും കമ്മിഷണർമാർക്കും മാറ്റമുണ്ടാവും. പരിശീലന വിഭാഗത്തിലെയും ബറ്റാലിയനുകളിലെയും ആരോപണവിധേയരായ അസി. കമൻഡാന്റുമാരെയും മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിമാർക്കും മാറ്റമുണ്ടാവാം.
ചോദ്യച്ചോർച്ച:
ചോദ്യം ചെയ്യലിന്
ഹാജരാകാതെ സി.ഇ.ഒ
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയരായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം.ഷുഹൈബ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായില്ല. ഇന്നലെ രാലിലെ 11 മണിയോടെ ഹാജരാവാനായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അദ്ധ്യാപകരും ഹാജരായില്ല.
26 ന് ഹാജരാകാമെന്നാണ് അദ്ധ്യാപകർ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ് എസ്.പി കെ.മൊയ്തീൻകുട്ടി നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി 26ലേക്ക് മാറ്റി. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്നറിയാനാണ് പരിശോധന. ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി ക്രെെംബ്രാഞ്ച് കേസെടുത്തിരുന്നു.