തിരുവനന്തപുരം: നഗരത്തിലെ അജൈവ മാലിന്യ ശേഖരണം,സംസ്കരണം എന്നിവയിൽ കൃത്യമായ നിരീക്ഷണം നടത്താതെ നഗരസഭ.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാലിന്യം തിരുനെൽവേലിയിൽ തള്ളിയത് തിരിച്ചെടുപ്പിച്ച സംഭവം വിവാദമായിരുന്നു.
നഗരത്തിലെ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ അംഗീകാരം നൽകിയ ഏജൻസിയാണ് തമിഴ്നാട്ടിൽ മാലിന്യം തള്ളി പിടിക്കപ്പെട്ടത്. നഗരസഭ അറിയാതെയാണ് മാലിന്യം തള്ളല്ലെന്ന് ഭരണസമിതി വാദവും വിവാദത്തിലാണ്. ഏജൻസികളിൽ കൃത്യമായി നിരീക്ഷണം നടത്താത്തതിലുള്ള വീഴ്ചയാണ് സംഭവത്തിന് കാരണമായത്.
ഹരിതകർമ്മ സേനയെ
നിരുത്സാഹപ്പെടുത്തുന്നോ
നിലവിൽ അജൈവമാലിന്യം ശേഖരിക്കുന്നത് ഹരിതകർമ്മ സേനയാണ്.കിച്ചൻ ബിൻ വിജയിക്കാത്തത് മൂലം വാർഡുകളിലെ ജൈവമാലിന്യം ശേഖരിക്കുന്നത് വിവിധ ഏജൻസികളാണ്. ഹരിതകർമ്മ സേനയും ചില വാർഡുകളിൽ നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ നഗരത്തിലെ സ്ഥാപനങ്ങളിലും കടകളിലും നിന്നുള്ള മാലിന്യശേഖരണത്തിന് നിലവിൽ ഏജൻസികളുണ്ട്.ജൈവമാലിന്യത്തിന് 29ഉം അജൈവമാലിന്യ ശേഖരണത്തിന് 30ഉം ഏജൻസികളുണ്ട്.ഹരിതകർമ്മ സേനയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നടപടികൾക്ക് വിരുദ്ധമായാണ് നഗരസഭയുടെ ഈ നടപടിയെന്നാണ് പൊതുവേയുള്ള വിമർശനം.
സൺ ഏജ് എന്നത് തട്ടിക്കൂട്ട്
നഗരസഭ ടെൻഡർ നൽകിയ സൺ ഏജ് എന്ന കമ്പനിയും തട്ടിക്കൂട്ടെന്നാണ് ആരോപണം. നഗരസഭാ പരിധിയിൽ മാലിന്യനീക്കം ഊർജ്ജിതമല്ലാത്തതിനാൽ സ്വകാര്യ ഏജൻസികളെ ഏല്പിക്കാൻ തീരുമാനിച്ചു.തുടർന്ന് താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ഥാപനങ്ങൾ പങ്കെടുത്തു. അതിൽ നിന്ന് സൺ ഏജ് എക്കോ സിസ്റ്റം എന്ന സ്വാകാര്യ കമ്പനിക്ക് ടെൻഡർ നൽകി. ഇവർക്ക് 30 ടൺ ജൈവമാലിന്യവും 10 ടൺ അജൈവമാലിന്യവും സംസ്‌കരിക്കാനാകുമെന്നാണ് നഗരസഭയുടെ വിശദീകരണം. മേലാംകോട് വാർഡിൽ ഇവരുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും നഗരസഭ അറിയിച്ചു. എന്നാൽ നഗരസഭ പരിശോധനയിൽ കണ്ടെത്തിയത് അവരുടെ സ്ഥാപനമല്ലായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തമിഴ്നാട്ടിലെ മാലിന്യ നിക്ഷേപം
വീഴ്ച സമ്മതിച്ച് നഗരസഭ
തിരുനെൽവേലിയിൽ മാലിന്യം ഉപേക്ഷിച്ചത് അംഗീകൃത ഏജൻസി തന്നെയെന്ന് സമ്മതിച്ച് നഗരസഭ. ഇന്നലെ നടന്ന നഗരസഭ കൗൺസിലിലാണ് മേയർ ആര്യാ രാജേന്ദ്രൻ ഇക്കാര്യം സമ്മതിച്ചത്. നഗരസഭ അറിയാതെ മാലിന്യംനിക്ഷേപിച്ചതാണെന്നും നടപടിയെടുക്കുമെന്നും മേയർ കൗൺസിലിൽ അറിയിച്ചു.
നഗരസഭയറിയാതെയാണ് ഈ ഏജൻസി ആർ.സി.സി.സി, മറ്റ് രണ്ട് സ്വകാര്യ ഏജൻസികളുമായി അജൈവമാലിന്യ ശേഖരണത്തിന് കരാറുണ്ടാക്കിയത്.
ജി.പി.എസ് പോലും ഘടിപ്പിക്കാതെ മാലിന്യമെന്ന് തോന്നാത്ത വിധത്തിൽ അടച്ച് മൂടിയ ഇവരുടെ വാഹനത്തിൽ മാലിന്യം തമിഴ്നാട്ടിലെത്തിക്കും. അവിടെ സൺ ഏജ് തന്നെ സബ് കോൺട്രാക്ട് നൽകിയ വാഹനങ്ങളിൽ മാലിന്യം പല സ്ഥലങ്ങളിലായി വലിച്ചെറിയും. ആർ.സി.സി.സി, ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെ മാലിന്യശേഖരണത്തിൽ കൃത്യമായ തരംതിരിക്കലില്ലാത്തത് കാരണം അജൈവമാലിന്യത്തോടൊപ്പം ഉപയോഗിച്ച ഇഞ്ചക്ഷൻ സൂചിയുടെ ഭാഗം,ഗ്ളൗസ് മറ്റ് ചെറിയ വേസ്റ്റുകളും കാണും.ഇത് മെഡിക്കൽ വേസ്റ്റിൽ പോകേണ്ട മാലിന്യങ്ങളാണ്.ഇതാണ് തമിഴ്നാട്ടിലെത്തിച്ച് വലിച്ചെറിഞ്ഞത്.
പ്ളാസ്റ്റിക്ക് പോലുള്ള അജൈവമാലിന്യം പൊടിച്ച് പൊടിയാക്കി സിമന്റ് കമ്പനിക്കാണ് നൽകാറ്. ഈ കമ്പനികളിൽ നിന്നുള്ള രസീത് നഗരസഭയിൽ കാണിക്കുമ്പോഴാണ് നഗരസഭ തുക നൽകുന്നത്. രസീത് സമർപ്പിക്കാത്ത കാരണത്താൽ സൺ ഏജ് എന്ന ഏജൻസിക്ക് കഴിഞ്ഞ ഒരു വർഷമായി നഗരസഭ തുക നൽകുന്നില്ലെന്നും മേയർ പറഞ്ഞു.