
തിരുവനന്തപുരം: വാർത്തയുടെ പേരിൽ 'മാധ്യമം"ലേഖകൻ അനിരു അശോകന്റെ മെബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവർത്തകയൂണിയന്റെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തി.
ഡി.ജി.പി ഓഫീസിന് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വാർത്തയുടെ പേരിൽ പത്രപ്രവർത്തകനെ ചോദ്യം ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് ഹസൻ പറഞ്ഞു. സർക്കാർ മാദ്ധ്യമവേട്ടയിൽ നിന്ന് പിൻമാറണം. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അദ്ധ്യക്ഷനായിരുന്നു. യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.