തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ അവലോകന യോഗങ്ങളിൽ ജീവനക്കാരെ ഡയസിന് മുന്നിൽ എഴുന്നേൽപ്പിച്ച് നിറുത്തുകയും മോശം പെരുമാറ്റത്തിലൂടെ മാനസിക സംഘർഷത്തിലാക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥരെ നിലയ്ക്കു നിറുത്താൻ മാർഗനിർദ്ദേശം പുറത്തിറക്കി. ഇത്തരം സംഭവങ്ങളിലൂടെ ജീവനക്കാർ ബോധംകെട്ടു വീഴുന്ന സാഹചര്യംവരെ ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശം. ജീവനക്കാരോട് മാന്യമായി പെരുമാറണം. അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന
തരത്തിലാകണം പെരുമാറ്റമെന്നും നിർദ്ദേശിച്ചു.
മാർച്ച് 20ന് തിരുവനന്തപുരം അതിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല നികുതി പിരിവ് അവലോകന യോഗത്തിൽ ഒരു ക്ലാർക്ക് ബോധരഹിതയായി വീണിരുന്നു. പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒക്ടോബറിൽ തിരുവനന്തപുരത്ത് ചേർന്ന തൊഴിലുറപ്പ് പദ്ധതിയുടെ അവലോകന യോഗത്തിൽ വനിതാ ജീവനക്കാരോട് മോശമായി പെരുമാറി അവരെ കരയിപ്പിച്ച് ഇറക്കിവിട്ടതായും പരാതിയുണ്ടായി. മറ്റു പലയിടത്തും സമാന സംഭവങ്ങൾ അരങ്ങേറി.
ഇതിനെതിരെ സി.പി.ഐ അനുകൂല സംഘടനയായ കേരള എൽ.എസ്.ജി എംപ്ലോയീസ് ഫെഡറേഷൻ ഉൾപ്പെടെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.യോഗങ്ങളിൽ പുരുഷാധിപത്യം വേണ്ടെന്നും വനിതളോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പരാതയിൽ പറഞ്ഞിരുന്നു. തുടർന്നാണ് പൊതുവായ മാർഗ നിർദ്ദേശം നൽകിയത്.