
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യന്മാരിൽ പരമ ഭക്തനായിരുന്നു
എം.പി. മുത്തേടത്തെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഹാസമാധി മന്ദിരം പണിതു സമർപ്പിച്ച എം.പി. മുത്തേടത്തിന്റെ 52-ാമത് ചരമവാർഷിക ദിന ശ്രദ്ധാഞ്ജലി സമർപ്പണ സമ്മേളനത്തിൽ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.
ശിവഗിരിയിൽ ഇന്നു കാണുന്ന മഹാസമാധി മന്ദിരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് നിർമ്മിച്ച് സമർപ്പിച്ചത് ഈ മഹാത്മാവാണ്. മുത്തേടത്തിന്റെ ആഴത്തിലുള്ള ഗുരുഭക്തിക്ക് ശിവഗിരി മഠം അദ്ദേഹത്തിന് ശ്രീനാരായണ ഭക്തോത്തംസഃ ബഹുമതി നല്‍കി ആദരിച്ചു. മുത്തേടത്ത് ഗുരുദേവനെ ഭഗവാനെന്നു വിളിച്ചു സംബോധന ചെയ്യുമ്പോൾ കണ്ണുകൾ നിറയുമായിരുന്നു. ഗുരുദേവാനുഗ്രഹത്താൽ റയിൽവേ കോൺട്രാക്ടറായി വലിയ ധനികനായി മാറിയെങ്കിലും അദ്ദേഹം എത്രയും വിനയവാനായിരുന്നു. മഹാസമാധി മന്ദിരം നിർമ്മിച്ചു സമർപ്പിച്ചതിന്റെ പേരിൽ പേരെഴുതി വയ്ക്കുവാൻ മറ്റുള്ളവർ തയ്യാറായെങ്കിലും മുത്തേടം അതിന് അനുവദിച്ചില്ലെന്നും സ്വാമി പറഞ്ഞു.