
തിരുവനന്തപുരം: ഉത്തരേന്ത്യയിലേതിന് സമാനമായി ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ സംഘപരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത് സി.പി.എം ചുവടുമാറ്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
ബി.ജെ.പിയുമായി നല്ല ബന്ധം പുലർത്തുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവർക്കെതിരായ ഭീഷണി ഉയരുകയാണ്. നല്ലേപ്പള്ളി സ്കൂൾ സംഭവം ഇതിന് ഉദാഹരണമാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കമാണ്.അപലപനീയവും പ്രതിഷേധാർഹവുമായ ഇത്തരം ഹീനപ്രവണതകൾ ഒരിക്കലും അനുവദിക്കാൻ കഴിയില്ല.
മണിപ്പൂരിൽ ക്രൈസ്തവരെ ആക്രമിച്ച് കൂട്ടക്കുരുതി നടത്തിയിട്ട് അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത പ്രധാനമന്ത്രി ഡൽഹിയിൽ സി.ബി.സി. ഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമാണ്.രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കൾക്ക് പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ഇത്തരം ഗിമ്മിക്കുകളിൽ ഏർപ്പെടുന്നത്. കേരളത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കും വൈനുമായി സ്നേഹ സന്ദേശയാത്ര നടത്തുന്ന ബി.ജെ.പി നേതാക്കളുടെ ലക്ഷ്യവും രാഷ്ട്രീയ മുതലെടുപ്പാണ്. അത് ക്രൈസ്തവ സഹോദരങ്ങൾ തിരിച്ചറിയണം.
ബി.ജെ.പി സി.പി.എമ്മിന്റെസഖ്യകക്ഷിയാവും: ഹസൻ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സി.പി.എമ്മിന്റെ സഖ്യ കക്ഷിയായി മാറുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. സി.പി.എം റെഡ് കാർഡ് മാറ്റി ഇപ്പോൾ കാവി കാർഡ് ഇറക്കുകയാണെന്നും ഹസ്സൻ പരിഹസിച്ചു.
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ പി.ബി.അംഗം എ .വിജയരാഘവന്റെ പ്രസ്താവന ഇതിന്റെ തെളിവാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നതിലൂടെഈ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സി.പി.എം പത്ത് വർഷം ജമാഅത്തെ ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. നാലഞ്ച് വോട്ടിന് വേണ്ടി വർഗീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചത് സി.പി.എമ്മാണ്. കേരളത്തിൽ ബി.ജെ.പിയുടെ ആവശ്യമില്ല. അവരുടെ പ്രവർത്തനം സി.പി.എം ശക്തമായി നടത്തുന്നുണ്ടെന്നും ഹസ്സൻ പറഞ്ഞു.
മോദിക്ക് ക്രൈസ്തവർ മാപ്പ് നൽകില്ല: ചെന്നിത്തല
സംഘപരിവാറിനെ ഉപയോഗിച്ച് ക്രിസ്മസ് ആഘോഷങ്ങൾ കലക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് ഡൽഹിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദി ഇരട്ടത്താപ്പിന്റെ ഏറ്രവും വലിയ ഉദാഹരണമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഈ ഇരട്ടത്താപ്പിന് രാജ്യത്തെ ക്രൈസ്തവർ ഒരിക്കലും പ്രധാനമന്ത്രിക്ക് മാപ്പുനൽകില്ലെന്നും ചെന്നിത്തല പ്രസ്താവിച്ചു.
കേരളത്തിൽ ഇന്നോളം കേട്ടുകേൾവിയില്ലാത്തവിധം പാലക്കാട് ജില്ലയിൽ സ്കൂൾ കുട്ടികൾ തയ്യാറാക്കിയ പുൽക്കൂടുകൾ തല്ലിത്തകർത്തത് അങ്ങേയറ്റം അപലപനീയമാണ്. പ്രധാന അദ്ധ്യാപിക ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി. സംഭവത്തിന് പിന്നിൽ വിശ്വഹിന്ദുപരിഷത്ത്, സംഘപരിവാർ സംഘടനകളാണെന്നാണ് പൊലീസ് പറയുന്നത്. ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയമാവാം പ്രകോപനത്തിന് പിന്നിൽ. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ നടപടിയെടുത്ത് കുറ്രവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മോദിയുടേത് രാഷ്ട്രീയ നാടകം: ബിനോയ് വിശ്വം
ഡൽഹിയിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാഷ്ട്രീയ കാപട്യ നാടകമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ക്രിസ്തുവിനെകുറിച്ചും സ്നേഹത്തെ കുറിച്ചും പ്രധാനമന്ത്രി പ്രഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സംഘബന്ധുക്കൾ കേരളത്തിലെ നല്ലേപ്പിള്ളിയിൽ ക്രിസ്മസ് ആഘോഷം താറുമാറാക്കുകയായിരുന്നു
അഫ്ഗാൻ, യമൻ തടവറകളിൽ നിന്ന് ക്രിസ്തീയ പുരോഹിതരെ മോചിപ്പിച്ചതിനേക്കുറിച്ച് വാചാലനാകുന്ന മോദി ഇന്ത്യൻ തടവറയിൽ പീഡിപ്പിക്കപ്പെട്ടു മരിച്ച ഫാ. സ്റ്റാൻ സ്വാമിയെപ്പറ്റി ഒന്നും മിണ്ടിയിട്ടില്ല. ഇന്ത്യയിൽ ക്രിസ്ത്യൻ പള്ളികളും കന്യാസ്ത്രീ മഠങ്ങളും ശ്മശാനങ്ങളും ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും ബി.ജെ.പിക്ക് മിണ്ടാട്ടമില്ല. വർഗീയ സംഘർഷം നടക്കുന്ന മണിപ്പൂരിൽ മോദി പോയിട്ടില്ല. വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ക്രിസ്മസ് കാലത്ത് അദ്ദേഹം പോകേണ്ടത് മണിപ്പൂരിലേക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു.