
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം. ഉഷ പദ്ധതിയിൽ നിന്ന് കേരള സർവകലാശാലയ്ക്ക് അനുവദിച്ച 100കോടി രൂപ ഉപയോഗിച്ച് 1.8ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടങ്ങൾ പണിയും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപത്തായി 250വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 2ഹോസ്റ്റൽ സമുച്ചയങ്ങൾ നിർമ്മിക്കും. നാലു വർഷ ബിരുദ കോഴ്സുകൾക്കായി കാര്യവട്ടം ക്യാമ്പസിൽ ക്ലാസ് മുറികൾ നിർമ്മിക്കും. കെട്ടിട നിർമ്മാണത്തിന് 75കോടി ചെലവിടും. സെൻട്രൽ പി.ഡബ്യു.ഡിയെ നിർമ്മാണ ചുമതല ഏൽപ്പിക്കാൻ വി.സി ഡോ.മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന വകുപ്പു മേധാവികളുടെയും സിൻഡിക്കേറ്റംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചു.
ലൈബ്രറി, ലാബ് സൗകര്യങ്ങളും നിർമ്മിക്കും. ഗവേഷണത്തിന് കൂടുതൽ ആധുനിക ഉപകരണങ്ങളും വാങ്ങും. ഇവയ്ക്കും അദ്ധ്യാപക പരിശീലനത്തിനുമടക്കം 25കോടി രൂപ ചെലവിടും.
44 പഠനവകുപ്പുകളാണ് കാര്യവട്ടത്തുള്ളത്. ഗവേഷണ, അദ്ധ്യാപക പരിശീലന പരിപാടികളുടെ വിവരങ്ങൾ നൽകാൻ വി.സി നിർദ്ദേശിച്ചു. പദ്ധതിയുടെ 60ശതമാനം തുക കേന്ദ്രം നൽകും. 40ശതമാനം സംസ്ഥാന വിഹിതമാണ്. രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഫണ്ട് പാഴാവും. ഫണ്ട് വിനിയോഗത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജനുവരി ഒന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, സർവകലാശാലാ അധികൃതർ കാര്യവട്ടത്ത് യോഗം ചേരും.
3000 വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യവട്ടത്ത് നിലവിൽ 500ൽ താഴെ പേർക്ക് മാത്രമാണ് താമസസൗകര്യമുള്ളത്. വിദേശ വിദ്യാർത്ഥികൾക്കായി 28കോടി കിഫ്ബി ഫണ്ടുപയോഗിച്ച് കാര്യവട്ടത്ത് ഹോസ്റ്റൽ വരുന്നുണ്ട്. ഇതും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനടുത്താണ്. മൂന്ന് ഹോസ്റ്റലുകളും വരുന്നതോടെ കാര്യവട്ടം റസിഡൻഷ്യൽ ക്യാമ്പസായി മാറുമെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.