
തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്തെ സെനറ്റ് ഹാൾ എയർകണ്ടിഷൻ (എ.സി) ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതിന് നാലു കോടിയോളം ചെലവുണ്ടാവും. പണം കേന്ദ്ര ടൂറിസം മന്ത്രിയുടെ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സർവകലാശാലയും സെനറ്റ് ഹാളും കാണാൻ സുരേഷ് ഗോപി എത്തിയിരുന്നു. വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലും സിൻഡിക്കേറ്റംഗങ്ങളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സെനറ്റ് ഹാളിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി സിനിമാക്കാലത്തെ ഓർമ്മകൾ വി.സിയുമായും മറ്റും പങ്കുവച്ചു. സെനറ്റ് ഹാൾ എ.സിയാക്കാനുള്ള പ്രോജക്ട് റിപ്പോർട്ട് ഉടൻ നൽകാൻ വി.സിയോട് അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഫണ്ടിൽ നിന്ന് പണം നൽകും. 1600പേർക്ക് ഇരിക്കാവുന്ന സെനറ്റ് ഹാളിൽ ചൂട് അസഹനീയമാണ്. വലിയ ഫാനുകൾ വച്ചാലും ചൂടുകാരണം ആളുകൾ വിയർത്തൊലിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സംസ്കൃത സെമിനാറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത ചടങ്ങിൽ കൊടും ചൂടിലാണ് വിദ്യാർത്ഥികളടക്കം സെനറ്റ് ഹാളിലിരുന്നത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിലാണ് സുരേഷ് ഗോപി പഠിച്ചത്.